2020ല്‍ 5ജി വിപ്ലവത്തിനൊരുങ്ങി ജിയോ

2020 ഓടേ ഫൈവ് ജി സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് തൊട്ടുപിന്നാലെ ഫൈവ് ജി സേവനം ലഭ്യമാക്കുന്ന സ്വന്തം ഫൈവ് ജി മൊബൈല്‍ ഫോണുകളും വിപണിയില്‍ ഇറക്കാന്‍ ജിയോ തയ്യാറെടുക്കുന്നതായാണ് വിവരം.

അടുത്തവര്‍ഷം ഏപ്രിലോടെ രാജ്യത്ത് ഫൈവ് ജി സേവനം ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന് ആറുമാസം മുന്‍പ് സ്‌പെക്‌ട്രം ലേലം പൂര്‍ത്തിയാകും. ഇതിന്റെ ചുവടുപിടിച്ച്‌ ഫൈവ് ജി സേവനം ലഭ്യമാക്കാനാണ് കമ്ബനി ഉദ്ദേശിക്കുന്നത്. ഇതിന് പിന്നാലെ ഫൈവ് ജി ഹാന്‍ഡ് സെറ്റുകളും വിപണിയില്‍ ഇറക്കാനുളള സാധ്യതയാണ് കമ്പനി തേടുന്നത്.

ഫൈവ് ജിയെ അടിസ്ഥാനമാക്കിയുളള ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.എല്‍ടിഇ മൊബൈല്‍ സര്‍വീസുകള്‍ക്ക് സമാനമായി ഫൈവ് ജി സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച്‌ കുറഞ്ഞവിലയ്ക്ക് ഫൈവ് ജി ഹാന്‍ഡ് സെറ്റുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. ജിയോയുമായി പോരാടാന്‍ ഉറച്ച്‌ എയര്‍ടെലിനും ഫൈവ് ജി സേവനവുമായി രംഗത്തുവരാന്‍ പദ്ധതിയുണ്ട്.

2020 ഓടേ രാജ്യത്ത് ഫൈവ് ജി സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തിന്റെ അവസാനം സ്‌പെക്‌ട്രം ലേലം നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

അമേരിക്കയിലും യൂറോപ്പിലും ഉടന്‍ തന്നെ ഫൈവ് ജി സേവനം ലഭ്യമാകും. നിലവില്‍ ഫൈവ് ജിയില്‍ അധിഷ്ഠിതമായിട്ടുളള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ ഫൈവ് ജിയെ അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കാന്‍ പ്രമുഖ കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.