കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചുപയ്യൻ ഒരു നീളൻ വടി കുത്തി ഉയരങ്ങളിലേയ്ക്ക് പോകുന്ന ദൃശ്യമായിരുന്നു അത്. ആ മിടുക്കനെ അന്വേഷിച്ചുള്ള യാത്രയിൽ ആയിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി അധികൃതർ. അവസാനം ആ കൊച്ചു മിടുക്കനെ കാസർഗോഡ് ഉപ്പള മലബാർ നഗറിൽ നിന്നാണ് അവർ കണ്ടെത്തിയത്.
ഉപ്പള മുസോടിയിലെ അഫ്സൽ എന്ന ഈ മിടുക്കനെ കണ്ടെത്താൻ സഹായിച്ചത് ഡോ. അബ്ദുൽ മജീദ് ആണ്. ഡോ. മജീദ് കാസർഗോഡിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബിൽഡ് അപ്പ് കാസർഗോഡ് എന്ന സാമൂഹിക പ്രതിബദ്ധതയുള്ള കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി കൂടിയാണ്.
അഫ്സലിന്റെ പിതാവ് ഹനീഫ മത്സ്യത്തൊഴിലാളിയാണ്. കൊച്ചു മിടുക്കനായ അഫ്സൽ ഉപ്പള ഹൈസ്കൂളിൽ ക്ലാസ്സ് 9 വിദ്യാർത്ഥിയാണ്. തികച്ചും നിർദ്ധന കുടുംബത്തിലെ 13 കാരനായ അഫ്സലിന്റെ ഉള്ളിലെ കായികപ്രതിഭയെ തിരിച്ചറിഞ്ഞത് അയൽവാസിയും പോൾ വാൾട് താരവുമായ തസ്ലീം ആണ്.
അഫ്സലിനെ ഇനി കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നൽകും. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആണ് അഫ്സലിനെ മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയിൽ എടുക്കാൻ തീരുമാനിച്ചത്. അക്കാദമി പരിശീലകനായ അഖിൽ എന്ന യുവ പരിശീലകന്റെ കീഴിൽ ആണ് അഫ്സലിന്റെ തുടർപരിശീലനം.
അഫ്സൽ എന്ന കൊച്ചുമിടുക്കന്റെ അടങ്ങാത്ത പോരാട്ട വീര്യത്തിനുള്ള അംഗീകാരവും കൂടിയാണ് ഇതെന്ന് നിസ്സംശയം പറയാം. ഒരു പക്ഷേ എം. എ സ്പോർട്സ് അക്കാദമിയുടെ പരിശീലനക്കളരിയിൽ നിന്ന് ഭാവിയിലെ പുതിയൊരു കായിക താരത്തിന്റെ പിറവിയാകാം അഫ്സലിലൂടെ നാം കാണുവാൻ പോകുന്നത്. കാത്തിരിക്കാം.