അൽ ഖായിദ അക്രമണപദ്ധതി തകർത്തു

ഇന്ന് അതിരാവിലെ ഒരേ സമയം കേരളത്തിലെയും പശ്ച്ചിമ ബംഗാളിലെയും വിവിധ സ്‌ഥലങ്ങളിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) നടത്തിയ റെയ്‌ഡുകളിൽ എറണാകുളത്തുനിന്നും മൂർഷിദാബാദിൽ (പശ്ച്ചിമ ബംഗാൾ) നിന്നുമായി പാക്കിസ്‌താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന

അൽ ഖായിദ

യുമായി ബന്ധപ്പെട്ട 9 ഭീകരപ്രവർത്തകരെ അറസ്റ്റ് ചെയ്‌തു.

എറണാകുളത്തുനിന്നും 3 പേരേയും മൂർഷിദാബാദിൽ നിന്നും 6 പേരേയുമാണ് അറസ്റ്റു ചെയ്‌തത്‌.

വിവിധ സംസ്‌ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഒരു

അൽ ഖായിദ

ഗ്രൂപ്പിനെപ്പറ്റി എൻ ഐ എ യ്ക്ക് വിവരം ലഭിച്ചിരുന്നു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഈ ഗ്രൂപ്പ് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. തന്ത്രപ്രധാനമായ സ്‌ഥാപനങ്ങൾ തകർക്കുക, ആൾനാശം ഉണ്ടാക്കുക അതോടൊപ്പം ജനങ്ങളിൽ ഭീതി ജനിപ്പിക്കുക എന്നിവയെല്ലാമാണ് ആക്രമണങ്ങൾ കൊണ്ട് ഇവർ ലക്ഷ്യമിടുന്നത്. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സെപ്റ്റംബർ 9 ന് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്ന് വിവിധങ്ങളായ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ തോക്കുകൾ, ജിഹാദിനെക്കുറിച്ചുള്ള ലേഖനങ്ങൾ, പുസ്‌തകങ്ങൾ, ബോംബ് നിർമ്മാണത്തിനാവശ്യമായ കുറിപ്പുകൾ തുടങ്ങി നിരവധി വസ്‌തുക്കൾ കണ്ടെടുത്തു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ക്വിദ, സോഷ്യൽ മീഡിയ വഴിയുള്ള ആശയപ്രചാരണത്തിലൂടെയാണ് ഇവരെ ഭീകരപ്രവർത്തനത്തിലേയ്ക്ക് നയിച്ചത്. ഡൽഹി ഉൾപ്പെടെ രാജ്യത്തെ വിവിധ സ്‌ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇവർ ഫണ്ട് ശേഖരണം നടത്തുകയും ആയുധങ്ങൾ സംഭരിക്കുന്നതിലേക്കായി കുറേപ്പേർ ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയുമായിരുന്നു.

ഈ ഗ്രൂപ്പിനെ അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് വിവിധ സ്‌ഥലങ്ങളിൽ നടത്തുവാൻ തയ്യാറാക്കപ്പെട്ട അക്രമണപദ്ധതികൾ തകർക്കപ്പെട്ടിരിക്കുകയാണ്.

എറണാകുളത്ത് നിന്നും അറസ്റ്റു ചെയ്യപ്പെട്ടവർ മുർഷിദ് ഹസൻ, ഇയാക്കുബ് ബിശ്വാസ്, മുഷറഫ് ഹുസൈൻ എന്നിവരാണ്. ഒരാളെ പിടികൂടിയത് പെരുമ്പാവൂർ മുടിക്കലിൽ നിന്നാണ്. കളമശ്ശേരി പാതാളത്ത് ഒരു വീട്ടിൽ അടുത്തടുത്ത മുറികളിലായി താമസിക്കുകയായിരുന്നു മറ്റ് രണ്ട് പേരും. രണ്ടു മാസം മുൻപാണ് മുർഷിദ് ഹസ്സൻ കൊച്ചിയിൽ എത്തിയത്. രാത്രി രണ്ടു മണിയോടെയാണ് എൻഐഎ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും കൊച്ചി എൻഐഎ ഓഫീസിൽ കൊണ്ടുവന്നിട്ടുണ്ട്.

നജ്‌മുസ് സക്കീബ്, അബു സുഫിയാൻ, മൈനുൽ മണ്ഡൽ, ലിയു യാൻ അഹമ്മദ്, അൽ മേമൻ കമൽ, അതിദുർ റഹ് മാൻ എന്നിവരാണ് മൂർഷിദാബാദിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടത്.

അറസ്റ്റ് ചെയ്യപ്പെട്ടവരെ കേരളത്തിലെയും പശ്ച്ചിമ ബംഗാളിലെയും ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതാണ്.