അങ്കമാലി ബൈപാസ്സിന് 275 കോടി അനുവദിച്ചു : എം എൽ എ

അങ്കമാലി ബൈപ്പാസിന്റെ ജോലികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് എം എൽ എ റോജി എം ജോൺ പറഞ്ഞു.

കിഫ്ബി (Kerala  Infrastructure Investment Fund Board)270 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം  നൽകിയിരിക്കുകയാണെന്ന്  എം എൽ എ  പറഞ്ഞു.  കരയാംപറമ്പ് മുതൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ വരെ 3.115 കിലോ മീറ്റർ ആയിരിക്കും ബൈപ്പാസിന്റെ നീളം.  അത്രയും ദൂരം മണ്ണിട്ടുനികത്തി ബൈപ്പാസ് പണിയാൻ 190 കോടി രൂപയുടെ  പദ്ധതിക്ക്‌ കിഫ്ബി ആദ്യം അംഗീകാരം നൽകിയിരുന്നു. എന്നാൽ അങ്ങിനെ ചെയ്യുമ്പോൾ  പാരിസ്ഥിതികപ്രശ്നങ്ങൾ  ഉണ്ടായേക്കാവുന്ന മാ ഞ്ഞാലിത്തോട് പ്രദേശങ്ങൾ ഉൾപ്പെടുന്ന 1.795 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ആക്കണമെന്ന നിർദേശം സ്വീകരിച്ചുകൊണ്ട് കിഫ്ബി യുടെ സാങ്കേതിക വിഭാഗം വീണ്ടും പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കുകയും കഴിഞ്ഞ വർഷങ്ങളിലെ  വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ വിലയിരുത്തി പുതിയ ഡിപിആർ സമർപ്പിക്കുകയും ചെയ്തു.

എംഎൽഎ ഈ വിഷയം നിയമസഭയിൽ നിരവധി തവണ ഉന്നയിക്കുകയും ധനകാര്യ മന്ത്രിയുമായും പൊതുമരാമത്ത് മന്ത്രിയുമായും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതിക്ക് ഉടൻ അംഗീകാരം നൽകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് കഴിഞ്ഞ നിയമാസഭാസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിക്ക്‌ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ നിർവ്വഹണ ഉദ്യോഗസ്തരുടെയും സ്‌ഥലം ഉടമകളുടെയും യോഗം വിളിച്ച് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽഎ പറഞ്ഞു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ്  ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് അങ്കമാലി ബൈപാസ്സിന്റെ നിർമ്മാണച്ചുമതല.