അങ്കമാലിയിലെ ഡ്രൈ റൺ പൂർണ്ണവിജയം

കോവിഡ് പ്രതിരോധ കുത്തിവെപ്പിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ ഡ്രൈ റൺ പൂർണ വിജയം. കോവിഡ് പ്രതിരോധ മരുന്ന് എത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവെപ്പ് നടപടികൾ പൂർത്തീകരിക്കാൻ താലൂക്ക് ആശുപത്രിക്ക് സാധിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു ഡ്രൈ റൺ. മുൻകൂട്ടി നിശ്ചയിച്ച 25 പേർക്ക് നടപടിക്രമങ്ങൾ പാലിച്ച് പ്രതിരോധ മരുന്ന് വിതരണം പൂർത്തിയാക്കുന്നതിന്റെ പരിശീലനമായിരുന്നു ഡ്രൈ റൺ. പിഴവുകൾ ഏതുമില്ലാതെ കൃത്യത ഉറപ്പാക്കിയാണ് ഇവിടെ നടപടികൾ പൂർത്തിയാക്കിയത്. ഇലക്ഷൻ നടപടിക്രമങ്ങളുടെ മാതൃകയിലാണ് ഡ്രൈ റൺ വിഭാവനം ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ 11 വരെയുള്ള സമയത്ത് മുൻനിശ്ചയിച്ച 25 പേർ തങ്ങൾക്ക് അനുവദിച്ച സമയത്ത് ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

ആശുപത്രി വളപ്പിൽ സജ്ജമാക്കിയ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക്സിനേഷൻ ഓഫീസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തണം. തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്സിനേഷൻ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്സിനേഷൻ ഓഫീസർ വാക്സിനേഷൻ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്സിനേഷൻ ഓഫീസർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയ ആൾക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ രേഖപ്പെടുത്തും. വാക്സിനേഷൻ മുറിക്ക് പുറത്തെത്തിയ ആളെ പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെപ്പിന് ശേഷം അസ്വസ്ഥതകൾ ഉണ്ടായാൽ അടിയന്തര പരിചരണത്തിനായുള്ള ക്രമീകരണങ്ങളും വാക്സിനേഷൻ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കുത്തിവെപ്പ് ഒഴികെ മറ്റെല്ലാ നടപടികളും കൃത്യമായി പൂർത്തിയാക്കിയതോടെ അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഡ്രൈ റൺ പൂർണ വിജയമായി. പ്രതിരോധ മരുന്നെത്തിയാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുത്തിവെപ്പ് നൽകാൻ ആശുപത്രി സംവിധാനങ്ങൾ സജ്ജമായി. ഡ്രൈ റൺ നടപടികൾക്ക് താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, താലൂക്ക് ആശുപത്രിയിലെ കോവിഡ് 19 നോഡൽ ഓഫീസർ ഡോ. അനിത ആർ. കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസ്, ഡബ്ല്യു. എച്ച്. ഒ കൺസൾട്ടന്റ് ഡോ. പ്രതാപൻ എന്നിവർ സന്നിഹിതരായിരുന്നു.