ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു

ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു.

216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്‍ജിന്‍ കരുത്തേകുന്ന ‘ക്യൂട്ടി’ന് 452 കിലോഗ്രാമാണു ഭാരം. 5,500 ആര്‍ പി എമ്മില്‍ 13.1 ബി എച്ച് പി വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 18.9 എന്‍ എം ടോര്‍ക്കുമാണ് ഈ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക. ഇന്ധനം സി എന്‍ ജിയാവുന്നതോടെ പരമാവധി കരുത്ത് 5,500 ആര്‍ പി എമ്മില്‍ 10.9 ബി എച്ച് പിയായും ടോര്‍ക്ക് 4,000 ആര്‍ പിഎമ്മില്‍ 16.1 എന്‍ എമ്മായും കുറയും.

അഞ്ചു സ്പീഡ് സീക്വന്‍ഷ്യല്‍ മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ‘ക്യൂട്ടി’ന്റെ പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാഹനം എക്‌സ്പ്രസ്വേ പോലുള്ള അതിവേഗ പാതകളില്‍ ഉപയോഗിക്കരുതെന്നും ബജാജ് മുന്നറിയിപ്പ് നല്‍കുന്നു.