ബി കെയർഫുൾ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന് വേണ്ടി ജോൺസൻ കറുകപ്പിള്ളിൽ സംവിധാനം ചെയ്ത ‘ബി കെയർഫുൾ’ എന്ന കൊറോണ പ്രതിരോധ ബോധവൽക്കരണ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങി കറങ്ങിനടക്കുന്ന ഒരു യുവാവിന് സംഭവിച്ച ചെറിയൊരു അശ്രദ്ധയുടെ ഫലമായുണ്ടാകുന്ന വിപത്തിനെ വരച്ചുകാണിക്കുന്ന ചിത്രമാണ് ബി കെയർ ഫുൾ. കൊറോണ കാലത്ത് അതിതീവ്ര ജാഗ്രത പുലർത്തണമെന്നും ചെറിയൊരു അശ്രദ്ധ പോലും വലിയ വിപത്തിലേക്ക് നയിക്കുമെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ചിത്രത്തിലുണ്ട്.

കെ സി ബി സി ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ്റെ കീഴിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറം നിർമ്മിച്ചിട്ടുള്ള ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കൊറോണക്കാലത്തു് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺസൻ കറുകപ്പിള്ളിയാണ്. ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ജോമെറ്റ് തെരെസ് ജോൺ ആണ്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ ദൂതത്താൻകെട്ട് ,തട്ടേക്കാട് ,നേര്യമംഗലം ചേലാട് എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ജെറിൻ ജോസ് , ബെന്നി കലാഭവൻ , ഷിബിൻ ജോസ് , ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

കെ സി ബി സി മീഡിയ കമ്മീഷൻ ഓൺലൈൻ ചാനൽ ഐക്കൺ മീഡിയയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു.