കോവിഡിന് മുകളിൽ മനസ്സുയർത്താൻ ഹൃസ്വചിത്രം ; ശിൽപ്പികൾ 7 ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾ

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസികസംഘർഷവും സമൂഹത്തിന്റെ കരുതലിലൂടെ നേടുന്ന അതിജീവനവും വിഷയമാക്കിയ ‘ ബി പോസിറ്റീവ്’ എന്ന 6 മിനിട്ട് 24 സെക്കൻഡ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിന്റെ ശിൽപികൾ ഏഴ് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനികളാണ്. ചിത്രത്തിന്റെ ലൊക്കേഷനാകട്ടെ ഏഴു വീടുകളും. കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനികളായ ഇവർ തന്നെയാണ് അഭിനയിച്ചതും അണിയറയിൽ പ്രവർത്തിച്ചതും. മാതാപിതാക്കളുടെ സഹകരണം കൂടിയായപ്പോൾ സമൂഹത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്ന ഹ്രസ്വചലച്ചിത്രം തയ്യാറായി.

കോവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിലായ മാതാപിതാക്കളുടെ ക്വാറന്റീനിൽ കഴിയുന്ന മകൾ, വൈദ്യുതിയോ സ്മാർട്ട് ഫോണോയില്ലാത്തതിനാൽ ഓൺലൈൻ പഠനം സാദ്ധ്യമാകാതെ പ്രതിസന്ധിയിലായ പെൺകുട്ടി, റഷ്യയിൽ പഠിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ നാട്ടിലെത്താൻ കഴിയാതെ ദുരിതത്തിലായ വിദ്യാർഥിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ സഹായിക്കാനായെത്തുന്ന താലൂക്ക് ആശുപത്രിയിലെ നഴ്‌സ്, പഞ്ചായത്ത് പ്രസിഡണ്ട്, പ്രവാസി സംഘടനയുടെ പ്രതിനിധി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

ഓരോ വീടുകളിലും സെറ്റൊരുക്കി കുട്ടികൾ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി പാർവതി കൃഷ്ണൻ ഏകോപിപ്പിച്ച് എഡിറ്റിങ് നിർവഹിച്ച് പുറത്തിറക്കുകയായിരുന്നു. പാർവതി കൃഷ്ണൻ, പി.ജെ.അഞ്ജന, സാറ സജി, ഹന്ന എൽദോ, ഡോറിസ് എൽഡൻ, എൽസ സണ്ണി, മരിയ സിജോ എന്നിവരാണ് അഭിനയിച്ചത്.