സർക്കാർ കൊണ്ടുവന്ന സെമിത്തേരി അവകാശ ബില്ലിനെതിരെ നിലപാടെടുത്ത യുഡിഎഫിനെതിരെ യാക്കോബായ സഭയുടെ പ്രധിഷേധം കത്തുന്നു; ഫേസ്ബുക്കിൽ പോസ്റ്റിട്ട അനിൽ അക്കര എം എൽ എ യുടെ കോലം കത്തിച്ചു

സെമിത്തേരി വിഷയത്തിൽ ഇറക്കിയ ഓർഡിനൻസ് നിയമമാക്കുന്നതിന് സർക്കാർ ബിൽ അവതരിപ്പിച്ചപ്പോൾ അതിനെ പരോക്ഷമായി എതിർക്കുന്ന സമീപനമെടുത്ത കോൺഗ്രസ്സ് പാർട്ടിയുടെയും ഘടക കക്ഷികളുടെയും നിലപാടിൽ യാക്കോബായ സഭയിൽ പ്രതിഷേധം ആളിക്കത്തുന്നു.

യുഡിഎഫ് എടുത്ത നിലപാട് മൂലം ക്രിസ്തീയ സഭകളിലെ എല്ലാ വിശ്വാസികൾക്കും ഗുണകരമാകുമായിരുന്ന ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും യാക്കോബായ ഓർത്തഡോക്സ് സഭയ്ക്ക് മാത്രമായി ബിൽ പരിമിതപ്പെടുത്തുകയും ചെയ്തു. പല സന്ദർഭങ്ങളിലും കത്തോലിക്കാ സഭയിലുൾപ്പടെ മൃതദേഹം അവരവരുടെ ഇടവക പള്ളികളിൽ സംസ്കരിക്കുന്നതിന് തടസം നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ല് നിയമമായാൽ അത് എല്ലാ സഭകളിലെയും അല്മായർക്ക് പുരോഹിതവർഗ്ഗത്തിന്റെ തടവറയിൽ നിന്നുള്ള മോചനം കൂടിയാകുമായിരുന്നു. പുരോഹിതരുടെയോ മെത്രാന്മാരുടെയോ അപ്രീതിക്ക് പാത്രമാകുന്ന വിശ്വാസിക്ക് മരണ ശേഷം തന്റെ മാതാപിതാക്കളുടെ കല്ലറയിൽ തന്നെ അടക്കം ചെയ്യപ്പെടണമെന്ന ആഗ്രഹം സാധ്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നില്ല. സർക്കാർ കൊണ്ടുവന്ന ബില്ല് അല്മായരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കാനുതകുന്നതായിരുന്നു.

എന്നാൽ ക്രിസ്തീയ സഭകളിലെ മതമേലദ്ദ്യക്ഷൻമാരെ പ്രീണിപ്പിക്കാൻ കോൺഗ്രസും യു ഡി എഫും എടുത്ത നിലപാടാണ് ബില്ലിൽ മാറ്റങ്ങൾ വരുത്താൻ ഇടയാക്കിയത്. യാക്കോബായ ഓർത്തോഡോക്സ് സഭയ്ക്ക് മാത്രം ബാധകമാകുന്ന നിയമനിർമാണം നടത്തിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നിയമം അസാധുവാക്കപ്പെടുകയും ചെയ്തേക്കാം. കാരണം യാക്കോബായ – ഓർത്തഡോക്സ് തർക്കവിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെതിരെയുള്ളതായി ഇതിനെ കോടതി കാണുകയാണെങ്കിൽ ഈ നിയമം നിലനിൽക്കുകയില്ല.

അതുകൊണ്ടു തന്നെ യുഡിഎഫ് എടുത്ത നിലപാട് യാക്കോബായ സഭയ്ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിക്കെതിരാകുന്നുവെന്നാണ് സഭാ നേതൃത്വവും വിശ്വാസികളും പറയുന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഈ നിലപാടിനെതിരെ യാക്കോബായ വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.

ബില്ലിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട അനിൽ അക്കരയുടെ കോലം കത്തിച്ച് കോതമംഗലത്ത് വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം സെമിത്തേരി ബിൽ നിയമസഭയിൽ അവതരിപ്പിച്ച സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എം. എൽ. എ ആന്റണി ജോണിനെയും  അഭിനന്ദിച്ചുകൊണ്ട് നഗരത്തിൽ  യാക്കോബായ വിശ്വാസികളുടെയും  വൈദികരുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി.

അങ്കമാലി  ഭദ്രാസന കോതമംഗലം മേഖല വൈദിക സംഘം ഭാരവാഹികളായ ഫാ.ബേബി ജോൺ പാണ്ടാലിൽ, ഫാ. വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, ഫാ. ബിജു കൊരട്ടി, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ, ഫാ.കുര്യാക്കോസ് മാണിയാട്ട്, ബിനോയ് മണ്ണഞ്ചേരി, സി.ഐ ബേബി, ബേബി ആഞ്ഞിലവേലി , പൗലോസ് പഴുക്കാളിൽ, പ്രൊഫ. ഡോ.എ. പി എൽദോസ്, ജോർജ് കൂത്തമറ്റത്തിൽ, എന്നിവർ സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.