ബിജെപിയെ വെട്ടിലാക്കി ശിവസേന മുഖപത്രം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി നീളുന്നതിനിടെ ബി ജെ പി ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിവസേന. ശിവസേന എം എല്‍ എമാരെ ചിലര്‍ പണം കൊടുത്ത് വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടനയുടെ മുഖപത്രമായ സാമ്ന തുറന്നടിച്ചു. ഇത്തരം പരാതികള്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. എന്തെങ്കിലും നേട്ടങ്ങള്‍ക്കു വേണ്ടി മൂല്യങ്ങള്‍ ബലികഴിക്കാന്‍ ശിവസേന തയാറല്ല. പണമുപയോഗിച്ച് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന ഭരണ നേതൃത്വമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ ജനങ്ങള്‍ക്ക് ആവശ്യം ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നുള്ള മുഖ്യമന്ത്രിയെയാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പദം തുല്യ കാലയളവില്‍ പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി ജെ പി തയാറാകാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധിയുണ്ടായത്. ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എന്‍ സി പി നേതൃത്വവുമായി ശിവസേന ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രതിപക്ഷത്തിരിക്കാനാണ് എന്‍ സി പിയുടെ തീരുമാനമെന്ന് പാര്‍ട്ടി തലവന്‍ ശരത് പവാര്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം, നിലവിലുള്ള സര്‍ക്കാറിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കാണും. സംസ്ഥാന ഘടകം മേധാവി ചന്ദ്രകാന്ത് പാട്ടീല്‍, ധനവകുപ്പു മന്ത്രി സുധീര്‍ മുംഗതിവാര്‍ എന്നിവര്‍ ഗവര്‍ണറെ കാണുന്നതിന് സമാന്തരമായി തന്നെ ശിവസേനയുമായി ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ബി ജെ പി നീക്കം. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.