പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി പെരുമ്പാവൂരിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്നത്തുനാട് താലൂക്ക് മഹല്ല് സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ പതിനായിരങ്ങള്‍ അണി നിരന്ന റാലി നാലു മണിക്കൂർ നഗരം സ്തംഭിപ്പിച്ചു. കുന്നത്തുനാട് താലൂക്കിലെ 130 മഹല്ലുകളില്‍ നിന്നായി എത്തിയ ജനസാഗരം വൈകിട്ട് 4.30തോടെ ആശ്രമം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും നഗരം ചുറ്റി മൂന്ന് മണിക്കൂര്‍ എടുത്താണ് സുഭാഷ് മൈതാനിയില്‍ എത്തിയത്. ഉച്ചയോടെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ജനങ്ങള്‍ ടൗണിലേക്കെത്തി. പ്രകടനത്തിന് ഹാജി റ്റി.എച്ച് മുസ്തഫ, എം.പി.അബ്ദുല്‍ ഖാദര്‍ ,കെ.എം.എസ് മുഹമ്മദ്, റ്റി.എം സക്കീര്‍ ഹുസൈന്‍, എം.യു.ഇബ്രാഹിം, പി.എച്ച് അബ്ദുല്‍ ഖാദര്‍ ,അബ്ദുല്‍ ഖാദര്‍ കുന്നത്താന്‍, സി.കെ.അബു, സലീം ഫാറൂഖി,ഷിയാസ് കെ.യു, അജാസ്, ഇ.പി.ഷമീര്‍, അബ്ദുല്‍ നിസാര്‍, വി.കെ.ഷൗക്കത്തലി, എം.എ.ഷിഹാബ്, മുഹമ്മദ്കുഞ്ഞ്, ഇസ്മയില്‍ തങ്ങള്‍, ഇസ്മയില്‍ ഫൈസി വണ്ണപ്പുറം, മുഹമ്മദ് മൗലവി കാട്ടാമ്പള്ളി, സുലൈമാന്‍ വല്ലം, നസീര്‍, ബീരാന്‍, യൂസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര നേതാക്കന്‍മാരായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാന്‍ ഇന്നത്തെ ഇന്ത്യയുടെ സംഘപരിവാര്‍ സവര്‍ണ്ണാധികാരികള്‍ക്ക് എന്ത് അര്‍ഹതയാണുളളതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബെന്നി ബെഹനാന്‍ എം പി ചോദിച്ചു. പെരുമ്പാവൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനപ്രക്ഷോഭമായി ഈ പരിപാടി മാറിയെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാനുളള സവര്‍ക്കരുടെ സ്വപ്‌നം ഇന്ത്യയെന്ന പൂങ്കാവനത്തില്‍ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെയുളള പ്രക്ഷോഭത്തില്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് ജനങ്ങളുടെ വായ് മൂടിക്കെട്ടുന്നതിന് തുല്യമാണെന്നും ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ: ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, വി.പി.സജീന്ദ്രന്‍ എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, ടെൽക്ക് ചെയർമാൻ എന്‍.സി മോഹനന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല സെക്രട്ടറി ഡോ: മുഹമ്മദ് ഫൈസി ഓണമ്പിളളി, എസ്.വൈ എസ് ജന സെക്രട്ടറി ഇസ്മായില്‍ സഖാഫി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി.എ.മൂസ മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം യൂസഫ് ഉമരി ,കെ എന്‍ എം.സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീന്‍ മദനി, സംഘാടക സമിതി ജന.. കണ്‍വീനര്‍ എം പി.അബ്ദുല്‍ ഖാദര്‍ ,മുജാഹിദ് വിസ്ഡം സെക്രട്ടറി ഷമീര്‍ മദീന, തബ്ലീഗ് ജമാഅത്ത് സെക്രട്ടറി അഡ്വ: ഹസ്സയനാര്‍ സി മുഹമ്മദ് മൗലവി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, മുസ്ലിം ഏകോപന സമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, പി ഡി.പി സംസ്ഥാന കൗണ്‍സില്‍ അംഗം സുബൈര്‍ വെട്ടിയാനക്കല്‍, കെ.എം എസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പെരുമ്പപ്പര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഷമീര്‍ ഹുദവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.