ഓർമ്മകളിലേക്ക് ഒരു ദിനം…

ഫെബ്രുവരി 11 ന് ലൂർദ് മാതാവിന്റെ തിരുനാൾ, കത്തോലിക്ക സഭ രോഗിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, കറുകുറ്റി സെന്റ്  സേവിയേഴ്സ്  ഫൊറോന  ദേവാലയത്തിൽ രോഗികളായി വീടുകളിൽ കഴിയുന്നവരുടെ സംഗമം ബുധനാഴ്ച  നടത്തി. 57 പേർ സംഗമത്തിൽ പങ്കെടുത്തു.
കുമ്പസാരം, കുർബ്ബാന, വൈദ്യപരിശോധന, കളികൾ,
വീഡിയോ പ്രദർശനം തുടങ്ങിയവയെല്ലാമാണ് ഒരുക്കിയിരുന്നത്.  ഫൊറോന വികാരി റവ ഡോ. പോൾ തേനായൻ സംഗമത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. റവ. ഫാ. ടോണി മാളിയേക്കൽ ദിവ്യബലിയർപ്പിച്ചു.  ഡോ. സിസ്റ്റർ  മേരി മാർഗരറ്റിന്റെ നേതൃത്വത്തിൽ എസ് ഡി  സിസ്റ്റേഴ്‌സ് അവശ്യമായവർക്ക്  വൈദ്യപരിശോധന നടത്തി.  പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സി എം സി സിസ്റ്റേഴ്‌സ്  വിതരണം ചെയ്‌തു.
ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഷാജു അച്ചിനിമാടൻ, വിൻസെന്റ് ഡി പോൾ സൊസൈറ്റി  വൈസ് പ്രസിഡന്റ് എം ടി ചാക്കോ, കൈക്കാരന്മാരായ പൗലോസ് ചിറ്റിനപ്പിള്ളി, ജോയി നമ്പ്യാട്ടുകുടി, പാരിഷ് കൗൺസിൽ സെക്രട്ടറി പ്രകാശ് പൈനാടത്ത്  എസ് ഡി, സി എം സി  കോൺവെന്റുകളിലെ സിസ്റ്റർമാർ എന്നിവർ നേതൃത്വം നൽകി. സഹായത്തിനായി മറ്റ്‌ ഭക്‌തസംഘടനകളിലെ അംഗങ്ങളും ഉണ്ടായിരുന്നു. രാവിലെ 9 ന് ആരംഭിച്ച സമ്മേളനം ഉച്ചഭക്ഷണത്തോടെ സമാപിച്ചു.