സംസ്‌ഥാനത്തുടനീളം നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതി പിടിയിൽ

ഓൺലൈൻ ഡെലിവറി ബോയിയായും, പരിചയം നടിച്ചും
വീടുകളിലെത്തി മാലമോഷ്ടിക്കുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര
ഓലതാന്നി തിരുപ്പുറം ഷീലാ ഭവനിൽ ആനന്ദ് കുമാറി (28) നെയാണ്
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിൻറെ
നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

നിരവധി മാലമോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കാലടി പൊലീസ് സ്റ്റേഷൻ
അതിർത്തിയിൽ നിന്നു മാത്രം മൂന്നു പേരുടെ മാല പൊട്ടിച്ചെടുത്തിട്ടുണ്ട്.
മറ്റൂരിൽ വീടിന്റെ വരാന്തയിലിരുന്ന വൃദ്ധനോട് ഓൺലൈനിൽ
എന്തെങ്കിലും ഓർഡർ ചെയ്തിരുന്നോയെന്നു ചോദിച്ച് അടുത്തെത്തി
രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്തതും, മഞ്ഞപ്രയിൽ മകനെ
കാണാനാണെന്ന് പറഞ്ഞ് ഒരു വീട്ടിലെത്തി വീട്ടമ്മയുടെ രണ്ടര പവൻ്റെ
മാല കവർന്നതും, ആനപ്പാറയിൽ അഡ്വക്കേറ്റിനെ കാണാനെന്ന വ്യാജേനെ
വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച് നാലര പവൻറെ സ്വർണ്ണമാല
കവർന്നതും ഇയാളാണ്.

അന്വേഷണത്തിൻറെ ഭാഗമായി 100 ഓളം സി.സി.റ്റി.വി ക്യാമറകളാണ് പരിശോധിച്ചാത്. ഇതിലൂടെ പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളുകൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തിച്ചേർന്ന് അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ ബിജുമോൻ, കാലടി
ഇൻസ്പെക്ടർ എം.ബി ലത്തീഫ്, എസ്.ഐ മാരായ സ്റ്റെപ്റ്റോ ജോൺ,
ദേവസ്സി, ജോണി, ജെയിംസ്, എ.എസ്.ഐ അബ്ദുൾ സത്താർ,
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മനോജ്, കുറുപ്പംപടി
പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാഹിൻഷാ എന്നിവരുമുണ്ടായിരുന്നു.

പ്രതിയുടെ പേരിൽ സംസ്‌ഥാനത്ത്‌ വിവിധ സ്ഥലങ്ങളിൽ സമാനമായ
കേസുകൾ നിലവിലുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ 2018 ൽ
ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ഒരു സ്ത്രീയുടെ
മാല പൊട്ടിച്ചെടുത്തതായി സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിൽ
തിരുമല, തൃക്കണ്ണാപുരം സ്വദേശിനിയായ വീട്ടമ്മയുടെ 4 പവൻ
സ്വർണ്ണമാല പൊട്ടിച്ചതിനും, കാട്ടാക്കട മാരാനല്ലൂരിലെ വീട്ടിൽ കയറി 80
വയസ്സുള്ള വൃദ്ധയുടെ രണ്ടര പവൻറെ സ്വർണ്ണമാല കവർന്നതിനും,
കോട്ടയം ചെങ്ങമനാട് ഹോസ്പിറ്റലിൽ കയറി ഉദ്യോഗസ്ഥൻറെ
ലാപ്ടോപ്പ് കവർന്നതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

തിരുവനന്തപുരം മാരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ കേസിൽ 2019 ൽ
ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ബൈക്കിൽ കറങ്ങിനടന്ന് മറ്റ് ആളുകളില്ലാത്ത സമയം നോക്കി
വീടുകളിലെത്തി കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ട്
വെള്ളമെടുക്കാൻ അകത്തേക്ക് കയറുന്ന സ്ത്രീകളുടെ പിന്നാലെ ചെന്ന്
മാല പൊട്ടിച്ച് ബൈക്കിൽ പോകുന്ന രീതിയും പ്രതിക്കുണ്ട്. പ്രതിയെ
പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.