ചർച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കാൻ വിശ്വാസികൾ; നവംബറിൽ സെക്രട്ടേറിയറ്റ് മാർച്ച്‌

കൊച്ചി: ക്രിസ്തീയ സഭയിലെ ജനാധിപത്യ രാഹിത്യവും ധനവിനിയോഗ ക്രമക്കേടുകളും സ്വത്തു തർക്ക പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ചർച്ച് ആക്ട് പാസാക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികൾ സമരത്തിനൊരുങ്ങുന്നു. നവംബർ മാസം അവസാനം ഒരു ലക്ഷത്തിലധികം ജനങ്ങളെ പങ്കെടുപ്പിച്ചുള്ള സെക്രട്ടറിയേറ്റ് മാർച്ചിനാണ്‌ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ തയ്യാറെടുപ്പ് നടക്കുന്നത്.

2009 ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തയ്യാറാക്കിയ ‘ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആക്ട്’ ബിൽ നിയമമാകുന്നത് വഴി എല്ലാ ക്രിസ്തീയ സഭകളിലും ഭൗതീകമായ സ്വത്തുക്കളിന്മേൽ ജനാധിപത്യ ഭരണ സംവിധാനം സാധ്യമാകുകയും ക്രമക്കേടുകളില്ലാതാവുകയും ചെയ്യുമെന്ന് സംഘടനകൾ പറയുന്നു. യാക്കോബായ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും ഈ നിയമം വഴി ശാശ്വത പരിഹാരമുണ്ടാമെന്നാണ് ഇവർ പറയുന്നത്. ഓരോ മതത്തിനും സിവിൽ നിയമം വേണമെന്നുള്ളതു ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള അവകാശമാണെന്നും ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ സംഘടനയായ AKCAAC യും യാക്കോബായ സഭയിലെ വിശ്വാസികളുടെ സംഘടനയായ MACCABI യുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

ഒക്ടോബർ 24 ന് വൈകിട്ട് 5 മണിക്ക് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ ലായം ഗ്രൗണ്ടിൽ നടക്കുന്ന സെക്രട്ടറിയേറ്റ് സമരത്തെ കുറിച്ചുള്ള ആലോചനായോഗത്തിൽ ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗണ്സിലിന്റെ പ്രസിഡന്റ്‌ Adv. ബോറിസ് പോൾ അദ്ധ്യക്ഷത വഹിക്കും. വിവിധ സഭകളിലെ ചർച്ച് ആക്ട് സംഘടനകളുടെയും ക്രിസ്ത്യൻ സംഘടനകളുടെയും ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.