സിനിമ തീയ്യറ്ററുകൾ ഉടൻ തുറക്കും ; സെക്കന്റ് ഷോ ഉണ്ടാവുകയില്ല

കേരളത്തിലെ സിനിമ തീയ്യറ്ററുകൾ ഉടൻ തുറക്കും. എന്നാൽ സെക്കന്റ് ഷോ ഉണ്ടാവുകയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിനിമ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികളും തമ്മിൽ ഇന്ന് നടന്ന ചർച്ചയെത്തുടർന്നാണ് ഈ തീരുമാനം. എന്ന് മുതൽ തീയ്യേറ്ററുകൾ തുറക്കണം എന്നതുസംബന്ധിച്ച് സംഘടനകൾ പ്രത്യേക യോഗം ചേർന്ന് തീരുമാനിയ്ക്കും. സിനിമ തീയ്യറ്ററുകൾ ജനുവരി 5 മുതൽ 50 ശതമാനം മാത്രം സീറ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തുറന്നു പ്രവർത്തിപ്പിക്കാൻ ഗവൺമെന്റ്‌ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ആ തീയതിയിൽ തീയ്യറ്ററുകൾ തുറക്കാൻ ഉടമകൾ തയ്യാറായില്ല. അതേസമയം ഉടമകളുടെ സംഘടനകൾ തീയ്യറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി നികുതിയിനങ്ങളിലും വൈദ്യുതി ചാർജിലും ഇളവുകൾ ആവശ്യപ്പെടുകയാണുണ്ടായത്.

സംഘടനകളുമായുള്ള ചർച്ചകളെത്തുടർന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വൈദ്യുതി മന്ത്രി എം എം മണി, തദ്ദേശസ്വയഭരണവകുപ്പു മന്ത്രി എ സി മൊയ്‌തീൻ, വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള എന്നിവർ പങ്കെടുത്ത യോഗത്തിൽ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെടുത്തി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് തീരുമാനങ്ങളുണ്ടായി. അതനുസരിച്ച് മാർച്ച് 31 വരെ വിനോദനികുതി ഒഴിവാക്കിയിട്ടുണ്ട്. തീയ്യറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസക്കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമായി കുറച്ചു. ബാക്കിയുള്ള 50 ശതമാനം ഗഡുക്കളായി അടക്കാവുന്നതാണ്. 2020 മാർച്ച് 31 വരെ തീയ്യറ്ററുകൾ അടക്കേണ്ടിയിരുന്ന വസ്‌തുനികുതി ഗഡുക്കളായി അടച്ചുതീർത്താൽ മതി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടിക്കൊടുക്കുന്നതുമാണ്.