കൊച്ചിയിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാന്‍
തിരുവനന്തപുരത്ത് ചേര്‍ന്ന നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നേരത്തെ തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടു നീക്കാന്‍ ദുരന്ത നിവാരണ പദ്ധതി നടപ്പാക്കിയ അനുഭവമുണ്ട്. അത്തരത്തിലുള്ള മാതൃകകളുടെ അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തിന് പ്രത്യേകമായ പദ്ധതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി എക്സിക്യുട്ടീവ് ഉടനെ ചേരും.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. അടുത്ത ഘട്ടം സമഗ്രമായ കര്‍മ്മ പദ്ധതിയാണ്. മൂന്നുമാസത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിത മായി പൂര്‍ത്തീകരിക്കും. കനാലുകള്‍ സ്ഥിരമായി ശുചിയാക്കാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബൃഹദ് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്. അത് ഉടന്‍ ലക്ഷ്യം കാണുന്ന രീതിയില്‍ പുനക്രമീകരിക്കും.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് സംസ്ഥാനത്ത് ആകെ ശ്രദ്ധിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍റ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, പി ആന്‍റ് ടി കോളനി, ഉദയ കോളനി, അയ്യപ്പന്‍കാവ്, കലൂര്‍, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി ഉണ്ടായത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണ്ടിവന്നു. പെട്ടെന്നുണ്ടായ പ്രതിഭാസമായി ഇതിനെ കാണാനാവില്ല. ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് ഈ വെള്ളക്കെട്ടിന്‍റെ മുഖ്യ കാരണം. സമയബന്ധിതമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുല്ലശ്ശേരി കനാല്‍, പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി റോഡ് എന്നിവയില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതായി കാണുന്നുണ്ട്.

മാലിന്യങ്ങള്‍ നിറഞ്ഞ ഓടകളും ഓവുചാലുകളും സമയബന്ധിതമായി ശുചീകരിക്കുന്നതിന് നഗരസഭയ്ക്ക് ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കണം. അതിവേഗം നഗരവല്‍ക്കരണം നടക്കുന്നതിനാല്‍ റോഡുകളില്‍ വെള്ളക്കെട്ടു പതിവാകുന്നു. കൃത്യമായ ക്ലീനിങ് ഉറപ്പാക്കണം. ദിവസേന റോഡ് വ്യത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണം നിര്‍ബന്ധമാക്കണം. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ഉത്തരവാദിത്ത നിര്‍വ്വഹണം പ്രധാനമാണ്. അതില്‍ വന്ന വീഴ്ചയാണ് ഒരു വലിയ മഴ വന്നപ്പോള്‍ നഗരം വെള്ളത്തില്‍ മുങ്ങിയത്.

നിര്‍മാണ പ്രവര്‍ത്തനം വര്‍ധിച്ചതിന്‍റെയും സൗന്ദര്യവല്‍ക്കരണത്തിന്‍റെയും ഭാഗമായി വെള്ളം ഇറങ്ങുന്നതിനുള്ള തടസ്സങ്ങള്‍ ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വിശദീകരിച്ചു. കനാലുകളുടെ നവീകരണത്തിനും ശുചീകരണത്തിനും കൊച്ചി നഗരസഭയുടെ നടപടികള്‍ എന്തൊക്കെയാണെന്നും അതിന്‍റെ തല്‍സ്ഥിതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

വെള്ളക്കെട്ടിന്‍റെ പ്രശ്നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയര്‍ സൗമിനി ജയിന്‍ വിശദീകരിച്ചു. വെള്ളക്കെട്ടുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യം നല്‍കി നടപ്പാക്കാന്‍ യോഗത്തില്‍ ധാരണയായായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.