കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് നാളെ തുടക്കം

കോവിഡ് പ്രതിസന്ധികൾക്കിടയിലും സൈബർ രം​ഗത്തെ പുത്തൻ ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് നാളെ തുടക്കമാകും.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9.45 ന് ഉദ്ഘാടനം ചെയ്യുന്നതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസ് ആരംഭിക്കുന്നത്. ചടങ്ങിൽ എഡിജിപിയും, സൈബർ ഡോം നോഡൽ ഓഫീസറും ഓർ​ഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് കോൺഫറൻസിൽ പങ്കെടുക്കുന്നവരെ സ്വാ​ഗതം ചെയ്യും. സംസ്ഥാന പൊലീസ് മേധാവിയും , ഓർ​ഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്‌നാഥ് ബഹ്റ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളെ സ്വാ​ഗതം ചെയ്യും. ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യു​ഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്.ആർ. എച്ച്. പ്രിൻസ് മൈക്കിൽ ഡി യു​ഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും, ജോബി ജോയ് (ഇസ്ര) നന്ദിയും പറയും

തുടർന്ന് പോളിസിബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്ലസി പാ​ഗിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്ന കോൺഫറൻസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കോവിഡാനന്തര കാലഘട്ടത്തിലെ സൈബർ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷണം നടത്തും. നീതി ആയോ​ഗ് സിഇഒ അമിതാഭ് കാന്ത് സമകാലീന ഡിജിറ്റൽ സുരക്ഷാ അവസ്ഥകളെക്കുറിച്ചും, ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ​ഗോപാലകൃഷ്ണൻ സ്വകാര്യതാ വെല്ലുവിളികളെക്കുറിച്ചും കോൺഫറൻസിൽ സംസാരിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമുള്ള പ്രതിനിധികൾക്ക് നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കാൻ ഇതിനകം ആറായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.