മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ വ്യാജ വാർത്ത; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്

പൗരത്വ നിയമ വിഷയത്തിൽ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിനെതിരെ വ്യാജ വാർത്ത നൽകി ഓൺലൈൻ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ ജിൻസി അജി ജില്ലാ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.

പഞ്ചായത്തിന്റെ ആലോചനയിൽ പോലും ഇല്ലാത്തതും പഞ്ചായത്തിന് യാതൊരു അധികാരവും ഇല്ലാത്തതുമായ വിഷയങ്ങളിൽ പഞ്ചായത്ത് തീരുമാനമെടുക്കുന്നതായാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ മത സൗഹാർദം തകർക്കുന്നതിനും സാമുദായിക വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നുവെന്നും പരാതിയിൽ പറയുന്നു.

കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ മനപ്പൂർവം കരി തേച്ചു കാണിക്കുന്നതിനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നതെന്നും ഇതുവഴി സാമുദായിക ഭിന്നിപ്പുണ്ടാക്കി സമുദായങ്ങൾ തമ്മിൽ ശത്രുതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കി ജനങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുന്നതിനുള്ള ശ്രമമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി ജനകീയ സംഘടനയും ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ട്വന്റി ട്വന്റിയുടെ പേരിൽ മത സൗഹാർദം തകർക്കുന്നതിനും സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നെണ്ടെന്നും പൗരത്വ വിഷയത്തിൽ വ്യാജ വാർത്ത ചമച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ്
ട്വന്റി ട്വന്റി അസോസിയേഷൻ സെക്രട്ടറി അഗസ്റ്റിൻ ആന്റണി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.