രാജ്യമെമ്പാടും വൻ കർഷകപ്രക്ഷോഭങ്ങൾ

രാജ്യത്തെ കാർഷികവൃത്തിയെയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കുവാനുള്ള സാദ്ധ്യതകൾ തുറക്കുന്ന മൂന്ന് കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭം ഇന്ന് കൂടുതൽ ശക്തിയാർജ്ജിച്ചു. കാർഷികബില്ലുകൾക്കെതിരെ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ 350 തിൽപ്പരം കർഷകസംഘടനകൾ ഭാരത് ബന്ദ്‌ ആഹ്വാനം ചെയ്ത ഇന്ന് രാജ്യമെമ്പാടും വൻപ്രതിഷേധപ്രകടനങ്ങൾ നടന്നു.

ബില്ലുകൾ നിയമമാകുന്നതോടെ രാജ്യത്തെ കാർഷികവൃത്തിയുടെ നിയന്ത്രണം കോർപ്പറേറ്റ് ശക്തികളുടെ കൈകളിലെത്തുമെന്നും അതോടെ അവരുടെ താൽപ്പര്യങ്ങൾ കർഷകരെയും ഭക്ഷ്യസുരക്ഷയെയും തകർക്കുമെന്നുള്ള ഭീഷണിയാണ് രാജ്യമെമ്പാടും കർഷകപ്രക്ഷോഭങ്ങൾക്ക് കാരണമായിരിക്കുന്നത്.

 

കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുതകും വിധം മിനിമം സപ്പോർട്ട് പ്രൈസ് (എം എസ് പി) നിലനിർത്തുമെന്നും 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നുണ്ടെങ്കിലും എം എസ് പി യെ സംബന്ധിച്ച് ഉറപ്പ് ബില്ലിൽ ഉൾപ്പെടുത്താൻ ഗവൺമെന്റ് തയ്യാറല്ല. ഇന്ത്യയെ ഭക്ഷ്യസ്വയംപര്യാപ്തതയിലേയ്‌ക്ക്‌ നയിക്കുന്നതിലും ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യക്കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിലും എം എസ് പി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കാർഷികരംഗത്തെ ഈ വളർച്ചയാണ് കേരളം പോലുള്ള ഒരു ഉപഭോഗസംസ്‌ഥാനത്തുപോലും മാസങ്ങളായി നീണ്ടുനിൽക്കുന്ന കോവിഡ് പ്രതിസന്ധിക്കിടയിലും വളരെ കുറഞ്ഞ വിലയ്ക്ക് പൊതുവിതരണസംവിധാനം വഴി സുലഭമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള സാധ്യതയൊരുക്കിയത്. ഇതുപോലുള്ള സാധ്യതകൾക്ക് നേരെയാണ് കാർഷികബില്ലുകൾ വൻഭീഷണിയുയർത്തിയിരിക്കുന്നത്. കാർഷികവൃത്തിയ്ക്കുമേൽ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ കടന്നുകയറുമ്പോൾ ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷ ഒരു പഴയ കഥയായി മാറാം. കർഷകന്റെ താൽപ്പര്യങ്ങൾ അരക്‌ഷിതവസ്‌ഥയിലാകാം. ഈ ആശങ്കകളാണ് പാർലമെന്റ് പാസ്സാക്കിയ 3 ബില്ലുകൾക്കെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ കർഷകരെ പ്രേരിപ്പിച്ചിരിക്കുന്നത്.