ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ ഇന്ന് ; 272 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു

ഇന്ന് കേരളത്തിൽ 272 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇത് സംസ്‌ഥാനത്ത്‌ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ഇപ്പോൾ 2411 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 186576 പേർ നിരീക്ഷണത്തിലാണ് .
ഇവരില്‍ 183542 പേർ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്‍, 3034 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇതുവരെ 210583 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍,റിപീറ്റ് സാമ്പിള്‍, ഓഗ്മെന്റെഡ് ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 5456 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകർ, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 62367 സാമ്പിളുകൾ ശേഖരിച്ചതിൽ 60165 സാമ്പിളുകൾ നെഗറ്റീവ് ആയി.