‘കോവിഡ് ആൻഡ് ദി ആഗണി’ : കാലം കൊണ്ടുവന്ന വേർപാടുകളും വേദനയും

കോവിഡ് മനുഷ്യജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിലകൊള്ളാൻ തുടങ്ങിയിട്ട് പത്തു് മാസത്തോളമാകുന്നു. അനേകലക്ഷങ്ങൾ മരണത്തിന് കീഴടങ്ങിയപ്പോൾ അത് അവരുടെ ഉറ്റവരുടെയും ഉടയവരുടെയും ജീവിതങ്ങളിൽ എന്നേയ്‌ക്കുമുള്ള ആഘാതമായി മാറി. മരിച്ചവർ നമ്മുടെ കൺമുൻപിൽ
ഇല്ലാതാകുമ്പോഴും അവർ നമ്മുടെ ജീവിതങ്ങളെ വിട്ടുപോകുന്നില്ല. നിറയുന്ന കണ്ണുകളിൽ അവരുടെ ഓർമ്മ തെളിയുന്നു.

കോവിഡ് ജീവിതങ്ങൾക്ക് ഏൽപ്പിച്ച മാനസികാഘാതത്തെയും അത് സൃഷ്ടിച്ച വ്യഥകളുടെയും പ്രകാശനമാണ് തേർഡ് ഐ ഫിലിംസിന്റെ ബാനറിൽ ടോമി ജേക്കബ് രചന, ഫോട്ടോഗ്രാഫി, എഡിറ്റിങ്, സംവിധാനം എന്നിവ നിർവ്വഹിച്ച ‘കോവിഡ് ആൻഡ് ദി ആഗണി’ എന്ന ഷോർട്ട് ഫിലിം. ചിത്രം യുട്യൂബിൽ റിലീസ് ചെയ്‌തു.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ എന്ന സ്‌ഥലത്ത് ജോലി ചെയ്യുന്ന മകന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന മലയാളികളായ ദമ്പതികൾ. നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച അനേകവർഷങ്ങളിലെ കൂട്ടുകാരന്റെ ഓർമ്മ അവരിൽ ഭർത്താവിനെ വല്ലാതെ ഉലച്ചിരിക്കുന്നു. ഒന്നിലും അദ്ദേഹത്തിന് ഉത്സാഹമില്ലാതായിരിക്കുന്നു.

അങ്ങനെയിരിക്കെയാണ്, അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ ഇരട്ടസഹോദരി കോവിഡ് ബാധിച്ച്‌ മരിച്ച വിവരം മകന് ലഭിക്കുന്നത്. ഇപ്പോൾത്തന്നെ വിവശനായിരിക്കുന്ന അദ്ദേഹത്തെ സഹോദരിയുടെ മരണവാർത്ത എങ്ങിനെ അറിയിക്കും എന്ന സംഘർഷത്തിലാണ് മകനും അമ്മയും. പപ്പയുടെ സഹോദരി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും പപ്പ അതറിഞ്ഞു വിഷമിക്കണ്ട എന്ന് കരുതി മകൻ അക്കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. മരണവിവരം അറിഞ്ഞപ്പോൾ, സഹോദരി ആശുപത്രിയിലാണെന്ന വിവരം തന്നെ അറിയിച്ചില്ലല്ലോ എന്ന് അദ്ദേഹം വിലപിക്കുന്നു. സഹോദരിയുടെ മൃതദേഹം കാണണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുന്നുവെങ്കിലും ഇപ്പോഴത്തെ അവസ്‌ഥയിൽ അതിനു കഴിയില്ലല്ലോ. ചിത്രം ഇവിടെ അവസാനിക്കുന്നു. അപ്പോഴും കോവിഡ് ഏൽപ്പിക്കുന്ന ആഘാതങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു…