സമഗ്ര കോവിഡ് പ്രതിരോധസന്നാഹങ്ങളുമായി ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ ചേർന്ന കോവിഡ് ജാഗ്രതാ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുവാനും, കോവിഡ് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജീവൻ്റെ വിലയുള്ള ജാഗ്രത കൊണ്ടേ സാധ്യമാകൂകയുള്ളുവെന്നും പഞ്ചായത്ത് നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വ്യാപാരി സംഘടനകളുമായി ആലോചിച്ച് പുന:ക്രമീകരിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനങ്ങളിൽ എത്തുന്നവർ കർശനമായി സാമൂഹ്യ അകലം പാലിക്കുന്നുവെന്നും മാസ്കുകൾ ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും, വ്യാപാരികൾ കടകളിൽ വരുന്നവരുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഇത് സംബന്ധിച്ച നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സർക്കാർ സെക്ടറർ മജിസ്ട്രേറ്റായി സി.എൻ സതീശനെ നിയമിച്ചിട്ടുള്ളതാണ്. കോവിഡ് നിയമ ലംഘനങ്ങൾക്കെതിരെ 300 ൽ അധികം കേസുകൾ നിലവിൽ പഞ്ചായത്തിൽ എടുത്തിട്ടുള്ളതാണെന്നും ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും കോവിഡ് നിയമ ലംഘനങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

ഗ്രാമ പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (സിഎഫ്എൽടിസി) ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ്‌ ലഭിച്ചാൽ മാത്രമെ സിഎഫ്എൽടിസി പ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളുവെന്നും, പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള അനുമതിക്കായി കളക്ട്രേറ്റിൽ നിരവധി തവണ ആവശ്യപെട്ടിട്ടുണ്ടെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. സിഎഫ്എൽടിസി പ്രവർത്തനത്തിനായി സർക്കാരിൽ നിന്നും 1 ലക്ഷം രൂപ നിലവിൽ ലഭിച്ചിട്ടുണ്ടെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പദ്ധതി തുകയിൽ നിന്നും 60 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു..
ഗ്രാമ പഞ്ചായത്ത് മേഖലയിൽ 7 പ്രാവശ്യത്തോളം അണുനശീകരണം നടത്തിയിട്ടുണ്ടെന്നും പഞ്ചായത്തിൽ ഭരണ സമിതിയുടെയും ആരോഗ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ്മയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നതെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.

ഗ്രാമ പഞ്ചായത്തിൽ ആഴ്ച്ചയിൽ രണ്ട് ദിവസം കോവിഡ് നിർണ്ണയ പരിശോധന സൗകര്യം സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി ഒ.പി യിൽ എത്തുന്ന രോഗികൾ എന്തെങ്കിലും ആശങ്ക അറിയിച്ചാൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുവെന്നും ഇത് മൂലം രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിയുന്നുവെന്നും മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു. ആശുപത്രി പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് ആർക്കും ഒരാശങ്കയും വേണ്ടെന്നും കോവിഡ് പരിശോധനക്കായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകുന്നുണ്ടെന്നും, അവർക്കുള്ള യാത്രാ സൗകര്യം ഉൾപ്പെടെ ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു..

കോവിഡ് രോഗം സ്ഥിരീകരിച്ചവരെ ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുകയും, രോഗം ഭേദമായവരെ തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനുള്ള യാത്രാ സൗകര്യവും ഗ്രാമ പഞ്ചായത്ത് നൽകി വരുന്നുണ്ടെന്നും, അടുത്ത ദിവസങ്ങളിൽ തന്നെ അൻവർ സാദത്ത് എം.എൽ.എ യുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലൻസ് ലഭ്യമാകുമെന്നും അതുവഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടത്താൻ സാധിക്കുമെന്നും യോഗത്തെ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ എൻട്രിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും ഗ്രാമപഞ്ചായത്ത് താൽക്കാലികമായി നിയമിച്ച് നൽകിയിട്ടുണ്ടെന്നും ആശുപത്രിയിലെ മുഴുവൻ കമ്പ്യൂട്ടറുകളും തകരാറിലാണെന്ന് കാണിച്ച് ഏതാനും ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വ്യാജ വാർത്തകൾ നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപെടുത്തി ജനങ്ങളിൽ ഭീതി ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 8 മാസത്തോളമായി നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ, സന്നദ്ധ പ്രവർത്തകരെ യോഗം അഭിനന്ദിക്കുകയും , തുടർന്നുള്ള പ്രവർത്തനങ്ങൾക്കെല്ലാം പൂർണ്ണമായ പിന്തുണ അറിയിക്കുകയും ചെയ്തു..