രണ്ടാഴ്ച്ചയായി എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ പുതിയ രോഗികൾ

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ പ്രവർത്തകരുടെ യോഗം വിലയിരുത്തി.ജനുവരി 1 മുതലുള്ള കണക്കെടുത്താൽ ഒരു ദിവസം ഒഴിച്ച് (ജനുവരി 4) ബാക്കി എല്ലാ ദിവസങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ച ജില്ല എറണാകുളമാണ്. എല്ലാ ദിവസവും 600 ന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. ജനുവരി 6 ന് ഇത് 1068 ആയിരുന്നു. അതിന് മുമ്പത്തെ ആഴ്ചയിലും മിക്കവാറും ദിവസങ്ങളിൽ എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ പുതിയ രോഗികൾ. ഈ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകരും കൊച്ചിയിലെ ഐ.എം എ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. രണ്ടാഴ്ചയായി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി ആയിരത്തിനടുത്താണ് പോസിറ്റീവ് ആയവരുടെ എണ്ണം.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. അതിനാൽ പൊതു ജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. കോവിഡ് ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ കൂടുതൽ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാക്കാനും തീരുമാനിച്ചു. അധികമായി 100 ഐ.സി യു കിടക്കകൾ ഉൾപ്പെടുന്ന ബ്ലോക്കാണ് ആലുവ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. കൂടാതെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ഓക്സിജൻ ബെഡിൻ്റെ എണ്ണം വർധിപ്പിക്കുന്നതിനും തീരുമാനിച്ചു.

പൊതുജനങ്ങൾക്കായുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും സർവൈലൻസ് യൂണിറ്റിനോട് കളക്ടർ നിർദ്ദേശിച്ചു. ഇതിനായി വീഡിയോകളും പോസ്റ്ററുകളും ഉപയോഗിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള ബോധവത്കരണവും കൂടുതൽ ശക്തമാക്കണം.

ഡി.എം.ഒ. ഇൻ ചാർജ് ഡോ. ആർ. വിവേക്, ഡി.പി.എം ഡോ.മാത്യൂസ് നുമ്പേലി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ഡി.ശ്രീദേവി, ആരോഗ്യ വകുപ്പിലെ വിവിധ കോവിഡ് നോഡൽ ഓമീസർമാർ, കൊച്ചിൻ ഐ എം എ പ്രതിനിധികളായ ഐ.എം.എ ഡോ.രാജീവ് ജയദേവൻ, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.