അക്ഷയ സെന്ററുകളിൽ വൻ തിരക്ക് ; സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ നവംബർ 30 വരെ സമയം

വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 30 വരെ നീട്ടി. ന്യുനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ്, ന്യുനപക്ഷങ്ങൾക്കുള്ള പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്,
മെറിറ്റ് കം മീൻസ് സ്കോളർഷിപ്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട അവസാനതീയതിയാണ് നവംബർ 30 വരെ നീട്ടിയത്.

മേല്പറഞ്ഞ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നിശ്ച്ചയിച്ചിരുന്നത് ഒക്ടോബർ 31 വരെ ആയിരുന്നു. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട പല വെബ് സൈറ്റുകളും പലപ്പോഴും ശരിയായി പ്രവർത്തിക്കാതിരുന്നതിനാലും അപേക്ഷകരുടെ ബാഹുല്യം മൂലവും അനേകം അപേക്ഷകളുടെ സമർപ്പണം പൂർത്തിയാകാതെ കിടക്കുകയായിരുന്നു. ഇക്കാരണത്താൽ തന്നെ അപേക്ഷ സമർപ്പണത്തിന്റെ കേന്ദ്രങ്ങളായ അക്ഷയ സെന്ററുകളിൽ ഇന്ന്  വൻ തിരക്കായിരുന്നു. തിരക്ക് മൂലം മിക്കവാറും ഇടങ്ങളിൽ ആളകലം പാലിക്കൽ തീരെ നടക്കുന്നുണ്ടായിരുന്നുമില്ല.