മറയുന്ന കലാരൂപങ്ങളെ വീണ്ടെടുക്കാൻ അൽ അമീൻ കോളേജ്..

മൺമറഞ്ഞു കൊണ്ടിരിക്കുന്ന കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനായി എടത്തല അൽ അമീൻ കോളേജിലെ ഭാഷാവിഭാഗവും ,സൗണ്ട് എൻജിനീയറിംഗ് വിഭാഗവും സംയുക്തമായി “വാനിഷിംഗ് ആർട്സ് ” എന്ന പദ്ധതിയുടെ കീഴിൽ അപ്രത്യക്ഷമായിക്കൊണ്ടി രിക്കുന്ന കലാരൂപങ്ങളെ കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കുവാനും, സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി
മൺമറഞ്ഞു കൊണ്ടിരിക്കുന്ന കലാരൂപമായ “ഡാവേലി ” ഡോക്യുമെന്ററി രൂപത്തിൽ അവതരിപ്പിക്കുന്നു. പ്രശസ്ത സിനിമ സൗണ്ട് ഡിസൈനറായ ശ്രീ.രംഗനാഥ് രവിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
കോളേജ് സെമിനാർ ഹാളിൽ ബുധനാഴ്ച നടന്ന ഡാവേലിയുടെ പ്രകാശന കർമ്മം പ്രശസ്ത നിരൂപക ഡോ.എം.ലീലാവതി  ഡോ.രതി ആർ മേനോന് പോസ്റ്റർ നൽകി നിർവ്വഹിച്ചു. ഡോക്യൂമെന്ററിയുടെ പ്രദർശനം  കണ്ട ഡോ. ലീലാവതി, ഡാവേലിയുടെ പൂർവരൂപം ‘കിടാവ് ബലി’  എന്നായിരിക്കും എന്ന കാര്യത്തിൽ തനിക്ക്‌ ഒട്ടും സംശയമില്ലെന്നു പറഞ്ഞു.ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയെ നാരദൻ ആവശ്യപ്പെട്ടതനുസരിച്ച്  ബലി കഴിക്കാൻ തയ്യാറായ പുരാണകഥയിലെ  ബ്രാഹ്മണദമ്പതികളുടെ ത്യാഗസന്നധ്ധതയിൽ നിന്നും ആരംഭിക്കുന്നു ‘ഡാവേലി’ എന്ന കഥ പറയുന്ന അനുഷ്ഠാനകലാരൂപം. നമുക്ക് എന്താണോ പ്രിയപ്പെട്ടത്, അതിനെ സമൂഹത്തിനുവേണ്ടി ബലി കഴിക്കുന്നതിലാണ്  ഒരു വ്യക്തിയുടെ മഹത്വം കുടികൊള്ളുന്നത്. എല്ലാ മതങ്ങളുടെയും കാഴ്‌ച്ചപ്പാടുകളിലെ മൗലികമായ അംശം ഈ ബലിയർപ്പണമാണ്. ഡോ. ലീലാവതി നിരീക്ഷിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.ബി.ശശിധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ശാലിനി അജിത് ഡാവേലിയെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ഇത്തരം കലാരൂപങ്ങളുടെ ഉദ്ധരണത്തിനായി “വാനിഷിംഗ് ആർട്സ് “എന്ന പദ്ധതിയിൽ വിവിധ പരിപാടികൾ ഭാവിയിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്ന് കോളേജ് മാനേജർ ഡോ. ജുനൈദ് റഹ് മാൻ അറിയിച്ചു. മാതൃകാപരമായ ആശയമാണ് നടപ്പിലാക്കുന്നതെന്ന് കോളേജ് മാനേജ്മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് താഹിർ അഭിപ്രായപ്പെട്ടു. കോളേജ് സ്റ്റാഫ് അഡ്വൈസർ ഡോ.ഷാനിബ.എം.എച്ച്. നന്ദി അറിയിച്ച ചടങ്ങിൽ ഡോ.അബ്ദുൽ ഹക്കീം, പ്രൊഫ റീന,  പ്രൊഫ.ഹാരോൾഡ് എന്നിവർ സംസാരിച്ചു.