വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് മാതാവ്; അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മകളുടെ പ്രതികാരം

വിവാഹത്തിനു നിർബന്ധിച്ച അമ്മയെ മകൾ തലക്കടിച്ച് കൊലപ്പെടുത്തി. നാല്പത്തിയേഴുകാരിയായ സന്തോഷ് ബഗ്ഗയെ മകൾ നീരു ബഗ്ഗ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഒരുതവണ വിവാഹം ചെയ്ത് അത് വേർപ്പെടുത്തിയ ആളാണ് നീരു ബഗ്ഗ.

ന്യൂഡൽഹിയിലാണ് സംഭവം. ഊർജ്ജ വിതരണ കമ്പനിയിൽ പേഴ്സണൽ ഓഫീസറായി ജോലി ചെയ്തിരുന്ന നീരു ഭർത്താവുമായി വേർപിരിഞ്ഞ ശേഷം അമ്മയുമായായിരുന്നു താമസം. വിവാഹബന്ധം വേർപെടുത്തി വീട്ടിൽ വന്ന് നിൽക്കുന്നതിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കം പതിവായിരുന്നു. മറ്റൊരു വിവാഹത്തിന് മകളെ സന്തോഷ് ബഗ്ഗ നിർബന്ധിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച ഈ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തര്‍ക്കത്തിനിടെ അമ്മയെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച ശേഷം നീരു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ സന്തോഷിൻ്റെ മൃതദേഹം രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്നതാണ് കണ്ടത്. നീരുവിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.