കെ എസ് ആർ ടി സി ബസ്സ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസ്സ് മീഡിയനിലെ മരത്തിലിടിച്ച് ഡ്രൈവർ തിരുവനന്തപുരം സ്വദേശി അരുൺകുമാർ മരിച്ചു. 26 യാത്രക്കാർക്ക് പരിക്കേറ്റു. കണ്ടക്റ്റർ ഉൾപ്പടെ 3 പേർ ഗുരുതരാവസ്‌ഥയിലാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മരത്തിൽ ഇടിയ്‌ക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്സ്. യാത്രാമദ്ധ്യേ വൈറ്റില ഹബ്ബിൽ കയറിയ ബസ്സ് യാത്ര തുടരവെ മിനിറ്റുകൾക്കുള്ളിലാണ് അപകടമുണ്ടായത്.