മനോരമ പത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ വക്കീൽ നോട്ടീസയച്ചു

അപകീർത്തികരവും വാസ്‌തവവിരുദ്ധവുമായ വാർത്ത പ്രസിദ്ധീകരിച്ചതായി ആരോപിച്ച് മലയാള മനോരമ പത്രത്തിന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീൽ നോട്ടീസ്‌ അയച്ചു. തന്റെ മകനെതിരെ മനോരമ നൽകിയ വാർത്തക്കെതിരെ മകൻ തന്നെ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞു.

മലയാള മനോരമ വാർത്ത സമൂഹത്തിനു മുന്നിൽ തന്നെ അപമാനിതയാക്കിയെന്നും തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ്‌ വാർത്ത പ്രസിദ്ധീകരിച്ചവരുടെ ലക്ഷ്യമെന്നും പി കെ ഇന്ദിര നോട്ടീസിൽ വ്യക്തമാക്കി. മനോരമ ചീഫ്‌ എഡിറ്റർ, മാനേജിങ്ങ്‌ എഡിറ്റർ, മാനേജിങ്ങ്‌ ഡയറക്‌ടർ, വാർത്ത എഴുതിയ ലേഖിക കെ പി സഫീന തുടങ്ങി ഏഴുപേർക്കാണ്‌ നോട്ടീസ്‌.

അടിസ്ഥാനവിരുദ്ധമായ വാർത്തയിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തിയും മാപ്പുപറഞ്ഞും വാർത്ത പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വക്കറ്റ്‌ പി യു ശൈലജൻ മുഖേന അയച്ച നോട്ടീസിൽ പറയുന്നു.

ക്വാറന്റയിൻ ലംഘിച്ച്‌ ബാങ്കിൽ പോയെന്ന്‌ വാർത്തയിൽ പറയുന്നത്‌ ബോധപൂർവമാണ്‌. അന്ന്‌ കൊവിഡ്‌ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്രവ പരിശോധനയ്‌ക്ക്‌ ശേഷം ഫലം വരുന്നതു വരെ ക്വാറന്റൈനിൽ കഴിയണമെന്ന്‌ കൊവിഡ്‌ പ്രേട്ടോകോളിൽ പറയുന്നില്ല. എന്നാൽ, അങ്ങനെയുണ്ടെന്ന്‌ വാർത്തയിൽ പറയുന്നത്‌ ദുരുദ്ദേശപരമാണ്‌. ബാങ്കിൽ പോയത്‌ ദുരൂഹ ഇടപാടിനാണെന്ന്‌ പത്രത്തിൽ വിശേഷിപ്പിച്ചത്‌ അവഹേളിക്കാനാണ്‌.

സാധാരണ നിലയിലുള്ള ഇടപാട്‌ മാത്രമാണ്‌ നടത്തിയത്‌. പേരക്കുട്ടികളുടെ ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ സമ്മാനം കൊടുക്കേണ്ട ആവശ്യത്തിലേക്കാണ്‌ ബാങ്ക്‌ ലോക്കർ തുറന്നത്‌. മനോരമ വാർത്തയിൽ പറയുന്ന മറിച്ചുള്ള കാര്യങ്ങൾ പച്ചക്കള്ളമാണെന്നും നോട്ടീസിൽ വ്യക്തമാക്കി.