എൽഡിഎഫിനും യുഡിഎഫിനും കനത്ത വെല്ലുവിളിയുമായി ചാലക്കുടിയിൽ ട്വന്റി ട്വന്റിയും

വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലം പഞ്ചായത്തു ഭരിക്കുന്ന ട്വന്റി ട്വന്റിയുടെ ഹൈ പവർ കമ്മറ്റിയിൽ തീരുമാനമായി. മുപ്പതിനായിരത്തോളം വോട്ടർമാരുള്ള കിഴക്കമ്പലം പഞ്ചായത്തിൽ ബഹുഭൂരിപക്ഷവും ട്വന്റി ട്വന്റിയുടെ അനുഭാവികളാണ്. അത് കൊണ്ട് തന്നെ എൽ ഡി എഫിനും യു ഡി എഫിനും കനത്ത വെല്ലുവിളിയായിരിക്കുകയാണ് ട്വന്റി ട്വന്റി യുടെ മത്സര രംഗത്തേക്കുള്ള തീരുമാനം. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി നിന്നാണ് സ്ഥാനാർത്ഥികൾ മത്സരിച്ചതെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തന്നെയായിരിക്കും ട്വന്റി ട്വന്റി സ്ഥാനാർഥി മത്സരിക്കുന്നത്. ആരായിരിക്കും സ്ഥാനാർത്ഥി എന്നതിൽ തീരുമാനമായിട്ടില്ല. ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് തന്നെ സ്ഥാനാർത്ഥിയായി രംഗത്ത് വരണമെന്ന് ഹൈപവർ കമ്മിറ്റിയിൽ ഐക്യകണ്ഡേന ആവശ്യമുയർന്നെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല. പകരം മറ്റൊരു മികച്ച സ്ഥാനാർത്ഥിയെത്തന്നെ രംഗത്തിറക്കുമെന്നു അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി ഇടതു വലതു പാർട്ടികളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ പ്രതികരിക്കുന്നതിനും ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ അവസരമൊരുക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്വന്റി ട്വന്റി നേതൃത്വം പറയുന്നു. അടിസ്ഥാന വികസനത്തിൽ വൻ കുതിച്ചു ചാട്ടം നടത്തികൊണ്ടിരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ മാതൃക ലോകശ്രദ്ധയാകര്ഷിക്കുന്ന സമയത്താണ് ട്വന്റി ട്വന്റി സംഘടന പാർലമെന്റ് ഇലൿഷനിൽ മത്സരിക്കാനായി രംഗത്തു വന്നിട്ടുള്ളതെന്ന വസ്തുത മണ്ഡലത്തിലെ വോട്ടർമാരെ വൻതോതിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നസന്റ് വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി ബെന്നി ബെഹനാൻ മത്സരിക്കാനാണ് സാധ്യത. ഇതിനൊപ്പം ട്വന്റി ട്വന്റി കൂടി വരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനുള്ള വേദിയായി ചാലക്കുടി മണ്ഡലം മാറുകയാണ്.