നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ കേസ്സ് എടുത്തു

കോവിഡ് 19 ബാധയെത്തുടർന്ന് എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കെ,   എറണാകുളം റൂറൽ ജില്ലയിൽ അത് ലംഘിച്ച 75 ഓളം പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 30 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങൾ പരമാവധി യാത്ര ഒഴിവാക്കുന്നതിനും കൂട്ടംകൂടി നിൽക്കുന്നത് തടയുന്നതിനും വേണ്ടി പോലീസ് കർശന നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2500 ഓളം പോലീസുകാരെ രാത്രിയും പകലുമായി ആയി എറണാകുളം റൂറൽ ജില്ലയിൽ ഡ്യൂട്ടിയിൽ വിന്യസിച്ചിട്ടുണ്ട്..
ആറ് ഡിവൈഎസ് പി മാരുടെ നേതൃത്വത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലായി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. അവശ്യസാധനങ്ങൾ കയറ്റിയ വാഹനങ്ങൾ ഒഴികെ മറ്റുള്ള എല്ലാ വാഹനങ്ങളും തടഞ്ഞ്, പരിശോധിച്ച് അനാവശ്യമായി യാത്ര ചെയ്യുന്നവരെ തിരിച്ചയക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. അനാവശ്യയാത്രകൾ പരമാവധി ഒഴിവാക്കാനുള്ള അഭ്യർത്ഥനകളും രോഗ ബാധ തടയുന്നതിനുള്ള സുരക്ഷാ മുൻകുതലുകളെക്കുറിച്ചുള്ള ബോധവൽക്കരണവും കവലകൾ തോറും അനൗൺസ്മെൻറ് സംവിധാനങ്ങൾ ഒരുക്കി ജനങ്ങളെ അറിയിക്കുന്നു. പ്രധാന റോഡുകളിൽ ബാരിക്കേഡുകളുടെ സഹായത്താൽ വാഹനങ്ങളുടെ സഞ്ചാരം തടയുന്നു. ഇത് രാത്രികാലങ്ങളിലും തുടർന്ന് പോകുന്നതാണ്. മെഡിക്കൽ സ്റ്റോറുകളും അവശ്യ സാധനങ്ങളുടെ കടകളും ഒഴികെയുള്ള മറ്റ് കടകൾ തുറക്കാൻ അനുവദിക്കുന്നതല്ല.
വരുംദിവസങ്ങളിലും എറണാകുളം റൂറൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൃത്യമായി 144 നടപ്പാക്കുമെന്നും അത് ലംഘിക്കുന്നവർക്കെതിരെ എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച് പരമാവധി രോഗബാധ ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് അറിയിച്ചു.

 

.