കാർഷികനിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തു ; നിയമങ്ങൾ പിൻവലിക്കണമെന്ന് യൂണിയനുകൾ

ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിനിടയാക്കിയ മൂന്ന് കാർഷികനിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്‌തു. ഒപ്പം തന്നെ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ നാലംഗങ്ങളുള്ള ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‌തു. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിങ് മാൻ, ഭക്ഷ്യനയ രൂപീകരണ വിദഗ്ധന്‍ പ്രമോദ് കുമാര്‍ ജോഷി, കര്‍ഷകനേതാവ് അനില്‍ ധാന്‍വത് എന്നിവരാണ് കോടതി നിയമിച്ച കമ്മിറ്റിയിലെ അംഗങ്ങൾ. ആദ്യത്തെ സിറ്റിങ്ങിനുശേഷം രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ സിറ്റിങ് പത്ത് ദിവസത്തിനുള്ളിൽ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഈ നടപടി സമരം ചെയ്യുന്ന കർഷകർക്ക് സ്വീകാര്യമായിട്ടില്ല. കോടതി നിയമിച്ച കമ്മിറ്റിയിലെ അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്ന് കർഷക യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുകയാണ് ആവശ്യമെന്ന് അവർ ആവർത്തിച്ചു. കമ്മിറ്റിയുടെ നടപടികളിൽ പങ്കെടുക്കില്ലെന്നും നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും യൂണിയനുകൾ വ്യക്‌തമാക്കി. എന്നാൽ പ്രശ്‌നം പരിഹരിക്കാനാണ് കോടതിയുടെ ശ്രമമെന്നും അതുകൊണ്ട് കോടതി ഇക്കാര്യത്തിലെടുക്കുന്ന നടപടികളോട് സഹകരിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അഭ്യർത്ഥിച്ചു. നിലവിലുള്ള താങ്ങുവില സമ്പ്രദായം മറ്റൊരുത്തരവുണ്ടാകുന്നതുവരെ തുടരണമെന്നും കോടതി നിർദ്ദേശിച്ചു.

കോൺഗ്രസ്സ് പാർട്ടി കമ്മിറ്റി രൂപവൽക്കരണത്തോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചു. കമ്മിറ്റിയിലെ മൂന്നംഗങ്ങൾ നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ കമ്മിറ്റിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും പാർട്ടി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സർക്കാർ കുറുക്കുവഴികൾ തേടുകയാണെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്.