സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ നടത്തി ട്വന്റി ട്വന്റി യെ തകർക്കാനുള്ള പുതിയ ശ്രമം; സ്‌കൂൾ കെട്ടിടത്തിലെ കരി ഓയിൽ പ്രയോഗത്തിന് പിന്നാലെ കിറ്റെക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിനു തീയിട്ടു.

മലയിടംതുരുത്ത് ഗവ.സ്‌കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ കരിഓയിൽ ഒഴിച്ചു നാശം വരുത്തിയതിനു പിന്നാലെകിഴക്കമ്പലത്ത് കിറ്റെക്സിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിന് സാമൂഹ്യ ദ്രോഹികൾ തീയിട്ടു.

മലയിടംതുരുത്ത് മാക്കീനിക്കരയിൽ 8 ഏക്കറോളം വരുന്ന റബർത്തോട്ടത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച 2.30 ഓടെ റബർ തോട്ടത്തിൽ നിന്നും പുകപടലങ്ങൾ ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട പ്രദേശവാസികളാണ് തീയണച്ചത്. ഏകദേശം അര ഏക്കറോളം വരുന്ന സ്ഥലത്തെ കരിയിലകൾക്കും പുല്ലുകൾക്കുമാണ് തീപിടിച്ചത്. റബർ മരത്തിന്റെ അടിഭാഗങ്ങളിൽ ഭാഗീകമായി പൊള്ളലേറ്റിട്ടുണ്ട്. വെട്ടു മരമായതിനാൽ ഇതിൽ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷെയ്ഡുകളും നശിച്ചിട്ടുണ്ട്.

നാളുകളായി പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം വർധിച്ചു വരുന്നതായി പരാതിയുണ്ട്. മലയിടംതുരുത്ത് സർക്കാർ സ്കൂളിനു വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൽ സാമുഹ്യ ദ്രോഹികൾ കരി ഓയിൽ ഒഴിച്ച് നാശം വരുത്തിയതിനു പിന്നാലെ നടന്ന ഈ പ്രവർത്തിയും ആസൂത്രിതമായ ഗൂഡാലോചനയാണെന്നാണ് ട്വന്റി ട്വന്റി സംശയിക്കുന്നത്.

സ്‌കൂളിന്റെ ഭിത്തിയിലും തറയിലും കരി ഓയിൽ ഒഴിച്ചതിനാൽ നിർമ്മാണ പ്രവർത്തങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തടിയിട്ട പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് റബർ തോട്ടത്തിനു നേരെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.

തികച്ചും സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്ത് അടുത്തിടെയാണ് സാമൂഹ്യ വിരുദ്ധർ തലപൊക്കാൻ തുടങ്ങിയതെന്നും ട്വന്റി ട്വൻറിയുടെ ജനപിന്തുണ കണ്ടു വിറളി പിടിച്ചിട്ടായിരിക്കാം ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നതെന്നും ജനങ്ങൾ പറയുന്നു.