ഡീഗോ മറഡോണ : കാൽപ്പന്തുകളിയിലെ ദൈവം

ലോകത്തിലെ അതിപ്രശസ്‌തരായ ഫുട്‌ബോൾ കളിക്കാരിൽ ഒരാളായിരുന്നു ബുധനാഴ്ച്ച 60 വയസ്സിൽ അന്തരിച്ച ഡീഗോ അർമാൻഡോ മറഡോണ. ഒരുപക്ഷെ, ലോകത്തിന്റെ മുക്കിലും മൂലയിലും ഇത്രയധികം ആരാധകരെ നേടിയ ഫുട്‍ബോൾ കളിക്കാരൻ അദ്ദേഹം മാത്രമായിരിക്കും. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.

അർജൻൻ്റീനയിലെ ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലേക്ക് കുടിയേറിയ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്.

പ്രൊഫഷണൽ ഫുട്ബോൾ ജീവിതം

പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾ തന്നെ തന്റെ പന്തടക്ക പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയർ ടീമിൽ . കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു. 16 വയസാവുന്നതിന് 10 ദിവസം മുമ്പെ അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു. 1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക.

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1983-ൽ മറഡോണയുൾപ്പെട്ട ബാഴ്സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.

1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.

മറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത് 1984 മുതൽ 1991 വരെ നാപ്പോളിക്കു വേണ്ടി കളിക്കുന്ന സമയമാണ്.

പ്രൊഫഷണൽ ക്ലബ് ഫുട്ബോളെന്നപോലെ അർജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മറഡോണയെ ലോകപ്രശസ്തനാക്കുന്നതിൽ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്. ഇതിനിടയിലെ മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങൾക്ക് ഇട നൽകി.

1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.

അന്താരാഷ്ട്ര ഫുട്ബോൾ പ്രകടനങ്ങൾ

ലോകകപ്പുകളിൽ ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ൽ മറഡോണയ്ക്ക്‌ 1978 ലോകകപ്പ് സംഘത്തിൽ ഇടം കിട്ടിയില്ല. 1982 ലാണ് ലോകകപ്പിൽ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. അർജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി.

1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ നായകനായാണ് മറഡോണ എത്തിയത്. ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് ഈ ലോകകപ്പ് അർജന്റീന നേടുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് മറഡോണ നേടുകയും ചെയ്തു . ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും) ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്.

മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1990 ലെ ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തി.

അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.

1994-ലെ അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു കളിയിൽ ഗോൾ നേടുകയും ചെയ്തു. ഈ ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട് തുടർന്നുള്ള മൽസരങ്ങളിൽ നിന്നും വിലക്കപ്പെട്ടു.

വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെക്കാൾ മികവുള്ള കളിക്കാർ കുറവായിരുന്നു. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതിസൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.