മുൻകേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ബി ജെ പിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനും ഒരു കാലഘട്ടത്തിൽ പാർലമെന്റിൽ അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്ധ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊപ്പം പാർട്ടിയുടെ ശബ്ദവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. പാർലമെന്റിലെ സജീവ സാന്നിധ്യത്തിലൂടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വരം കേൾപ്പിച്ചവരിൽ പ്രധാനിയായിരുന്നു ജസ്വന്ത് സിംഗ്. 1996 – 2004 കാലഘട്ടത്തിലെ വാജ്‌പേയി മന്തിസഭകളിൽ അദ്ദേഹം ധനകാര്യം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 9 തവണ പാർലമെന്റംഗമായ ജസ്വന്ത് സിംഗ്, 1980 മുതൽ 2014 വരെയുള്ള കാലത്ത് പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ ഉണ്ടായിരുന്നു.

1999 ലെ കാർഗിൽ യുദ്ധകാലത്തും 1998 ൽ രാജസ്‌ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ ആണവപരീക്ഷണം നടത്തുമ്പോഴും അദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു.

ഡൽഹിയിലെ ആർമി (റിസർച്ച് & റെഫറൽ ) ആശുപതിയിൽ രാവിലെ 6.55 നായിരുന്നു ജസ്വന്ത് സിംഗിന്റെ അന്ത്യം. ജൂൺ മുതൽ അദ്ദേഹം അവിടെ ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ ജസോളിൽ 1938 ജനുവരി 3 ന് ജനിച്ച ജസ്വന്ത് സിംഗ് 1957 മുതൽ 1966 വരെ ഇന്ത്യൻ ആർമിയിൽ ഓഫീസറായിരുന്നു. മേജർ പദവിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജോലി രാജിവച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങുന്നത്.

1999 ഡിസംബറിൽ, പാക്ക് ഭീകരർ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയി അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ഇറക്കുകയും യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇന്ത്യയിൽ ജയിലിൽ കഴിയുകയായിരുന്ന അസ്ഹർ മസൂദ് ഉൾപ്പെടെയുള്ള ഭീകരരെ വിട്ടുകൊടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗവൺമെന്റിന് അതിനു വഴങ്ങേണ്ടിവന്നു. അന്ന് മോചിപ്പിച്ച ഭീകരരുമായി കാബൂളിലേയ്‌ക്ക്‌ ‌ വിമാനത്തിൽ ഒപ്പം പോയത് ജസ്വന്ത് സിംഗായിരുന്നു.

രാഷ്ട്രീയനേതാവ് എന്നതിന് പുറമെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് ജസ്വന്ത് സിംഗ്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ ഫെല്ലോ എന്നതിന് പുറമെ ഓക്‌സ്‌ഫോഡ്, വാർവിക്ക് യുണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രൊഫസ്സറുമായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി ബി ജെ പി യുടെ പ്രധാനമന്ത്രി സ്‌ഥാനാർത്ഥിയായി വന്ന 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജസ്വന്ത് സിംഗിന് പാർട്ടി സ്‌ഥാനാർഥിത്വം നൽകിയില്ല. തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ രാജസ്‌ഥാനിലെ ബാർമറിൽ അദ്ദേഹം പാർട്ടി സ്‌ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മൽസരിച്ചു. സ്‌ഥാനാർതിത്വം പിൻവലിക്കാതിരുന്നതിനെത്തുടർന്ന് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തു.

2014 ഓഗസ്റ്റിൽ വീട്ടിൽ വച്ചുണ്ടായ ഒരു വീഴ്ച്ചയെത്തുടർന്ന് ഗുരുതരാവസ്‌ഥയിലായി അദ്ദേഹം ചികിത്സയിലാവുകയായിരുന്നു. പിന്നീട് കൂടെക്കൂടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവുമൊടുവിലായി ജൂൺ മുതൽ ആശുപത്രിയിലായിരുന്നു.