കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

വാക്സിൻ വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ ജനം ഇവരുടെ വലയിൽ വീഴുവാനുള്ള സാദ്ധ്യത കൂടുതലാണ്

കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട
തട്ടിപ്പിനെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസ്  ജാഗ്രതാ മുന്നറിയിപ്പ് നൽകി. കോവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മൊബൈലിൽ തട്ടിപ്പു സംഘം അയക്കുന്ന സന്ദേശം വിശ്വസിച്ച് മറുപടി നൽകിയാൽ വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലുള്ള പണം കൈക്കലാക്കുകയാണ് ഇത്തരം
തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ആധാർ കാർഡും ഈ മെയിൽ
ഐഡിയുമൊക്കെയാണ് ഇവർ ആവശ്യപ്പെടുന്നത്. തുടർന്ന്
മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ കൈമാറുന്നതോടെ
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.

വാക്സിൻ വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടയിൽ ജനം ഇവരുടെ
വലയിൽ വീഴുകയും ചെയ്യും. ഓൺലൈൻ ലോൺ, ജോലി,
സമ്മാനപ്പൊതി, വിസ, ഇൻകം ടാക്സ് റീഫണ്ട് തുടങ്ങിയ
തട്ടിപ്പുകൾക്ക് സമാനമാണിതെന്ന് എസ്.പി പറഞ്ഞു.
ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ഒൺലൈൻ ബാങ്കിംഗ് സംവിധാനത്തിൽ
നുഴഞ്ഞു കയറി രണ്ട് മാസത്തിനുള്ളിൽ കേരളത്തിൽ നിന്നും
ഒന്നരക്കോടി രൂപയോളം തട്ടിയ കേസിലെ പ്രധാന പ്രതിയായ കൊൽക്കത്ത
സ്വദേശിയെ ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞയാഴ്ച എറണാകുളം റൂറൽ
പൊലീസ് പിടികൂടിയിരിന്നു.