പീഡനത്തിനിരയായ വൃദ്ധയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിയ്ക്കും

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ  കഴിയുന്ന വൃദ്ധയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. വിദഗ്‌ധ ചികിത്സയും നൽകും. നേരത്തെ വയോധികയെ സന്ദർശിച്ച വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തി വൃദ്ധയെ സന്ദർശിച്ച ചെയർപേഴ്‌സൺ ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പീഡനം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദേശം നൽകി. കുറ്റവാളികൾ ആരായിരുന്നാലും അവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. വൃദ്ധയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും അവർ പറഞ്ഞു.

രാവിലെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. സംഭവം അറിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രിതന്നെ ചെയർപേഴ്‌സണും കമ്മിഷൻ അംഗവും ഇടപെട്ടതിനെത്തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ഉടനടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനിതാക്കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ച ഉച്ചയ്‌ക്കു മുൻപ് കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് സംഭവം നടന്നത്. അന്ന് രാവിലെ വൃദ്ധ വീട്ടിൽ നിന്നും ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരെയുള്ള ഒരു പരിചയക്കാരിയുടെ വീട്ടിൽ എത്തുകയും അൽപം കഴിഞ്ഞതിനു ശേഷം അവിടെയെത്തിയ ചില പുരുഷന്മാർ അവരെ പീഡിപ്പിക്കുകയുമാണുണ്ടായതെന്നാണ് പറയപ്പെടുന്നത്. പരിചയക്കാരി വൈകിട്ട് 4 മണിയോടെ വൃദ്ധയെ തിരികെ വീട്ടിലെത്തിക്കുകയും അവിടെയുണ്ടായിരുന്ന വൃദ്ധയുടെ മകനോട് അമ്മ വീണ് പരിക്കേറ്റതായും ഉടനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.

ശരീരത്തിന് അകത്തും പുറത്തും ഗുരുതരമായ പരിക്കുകളാണ് സ്ത്രീയ്ക്ക് ഏറ്റിട്ടുള്ളത്. ബലാത്സംഗശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ വരഞ്ഞു. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. ദേഹമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയത് മൂലം വന്‍കുടലിന് അടക്കം ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ട്. നേരത്തെ അടിയന്തര ശസ്ത്രക്രിയക്ക് ഇവരെ വിധേയയാക്കിയിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ രാത്രിയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത പുറത്തറിയുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. . പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

സംഭവത്തിൽ തങ്ങൾക്ക് അങ്ങേയറ്റം പ്രതിഷേധമുണ്ടെന്നും യഥാർത്ഥ പ്രതികളെ അവർ ആരായാലും ഉടൻ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുണ്ടാവണമെന്നും കെ പി എം എസ് ജില്ലാ സെക്രട്ടറി എം എ വാസു പറഞ്ഞു.