അങ്കമാലിയിൽ 6000 ഇതര സംസ്‌ഥാന തൊഴിലാളികൾ ആവാസ് ഇൻഷുറൻസ് കാർഡ് എടുത്തു..

ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി ഒരു ബോധവൽക്കരണ – മെഡിക്കൽ ക്യാമ്പ്, തൊഴിലും നൈപുണ്യവും വകുപ്പിന്റെ അങ്കമാലി ഓഫിസിന് കീഴിൽ  ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ നടത്തി. ഏകദേശം  100 തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

നാഷണൽ റൂറൽ ഹെൽത്ത് മിഷന്  കീഴിലുള്ള രണ്ട്  ഡോക്ടർമാർ  തൊഴിലാളികളെ  പരിശോധിച്ചു. എന്തെങ്കിലും തുടർ ചികിത്സ ആവശ്യമുള്ളവരുടെ കേസുകൾ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക്  റിപ്പോർട് ചെയ്യും. അല്ലാത്തവർക്ക് മരുന്ന് നൽകി അയയ്ക്കുകയും ചെയ്യും. രാജഗിരി ഔട്ട് റീച്ച്  സൊസൈറ്റി വളണ്ടിയർമാരാണ് ക്യാമ്പ് നയിച്ചത്. ജില്ലാ ലേബർ ഓഫീസർ വി കെ ബിജു  നിർദ്ദേശങ്ങൾ നൽകി. അങ്കമാലി അസിസ്റ്റൻഡ് ലേബർ ഓഫീസർ കെ എ  ജയപ്രകാശ്, ജില്ലാതലത്തിലും അങ്കമാലിയിലുമുള്ള ലേബർ ഉദ്യോഗസ്‌ഥർ  എന്നിവർ നേതൃത്വം നൽകി.

അങ്കമാലിയിൽ കഴിഞ്ഞ ഒരു വർഷത്തിനകം  ഏകദേശം 25  ആവാസ് – ബോധവൽക്കരണ ക്യാമ്പുകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീ ജയപ്രകാശ് പറഞ്ഞു.തൽഫലമായി  6000  ഇതര സംസ്‌ഥാന തൊഴിലാളികൾ  ഇൻഷുറൻസ് കാർഡ് എടുത്തിട്ടുള്ളതായി   അദ്ദേഹം ചൂണ്ടിക്കാട്ടി.  കുടിയേറ്റത്തൊഴിലാളികൾക്കായി ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഇങ്ങിനെ ഒരു പദ്ധതി ഉള്ളൂ. പൂർണ്ണമായും  സൗജന്യമായി ലഭിക്കുന്ന ഈ  പദ്ധതിപ്രകാരം,  ഒരാൾക്ക്  വർഷത്തിൽ 15000  രൂപയുടെ സൗജന്യ ചികിത്സ എല്ലാ  ഗവൺമെന്റ് ആശുപത്രികളിൽ നിന്നും  പദ്ധതിപ്രകാരം(ആവാസ്  പദ്ധതി)  എംപാനൽ  ചെയ്‌ത എല്ലാ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കുന്നതാണ്. അപകടമരണത്തിന്   2  ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.   പദ്ധതിയിൽ അംഗമാകുന്നതിന്  കേന്ദ്ര-സംസ്‌ഥാന  ഗവൺമെന്റുകൾ  അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതി. അംഗമായി ചേരുന്നതിനുള്ള പ്രായപരിധി 18  നും 60  മദ്ധ്യേയാണ്. പദ്ധതിയിൽ അംഗമാകുന്നവർക്കു ലഭിക്കുന്ന ബയോമെട്രിക്  കാർഡ് മുഖേനെ പണരഹിതമായി ആശുപത്രി സേവനങ്ങൾ ലഭിക്കുന്നു. മരിച്ചവരെ  നാട്ടിൽ എത്തിക്കുന്നതിനുള്ള  ഏർപ്പാടുകളും  തൊഴിൽ വകുപ്പ് ചെയ്യുന്നുണ്ട്.