എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം അവസാനിപ്പിക്കുന്നു

അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ , ഡബ്ല്യുബി എന്നിവ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന് ഉടമസ്ഥരായ വാർണർ മീഡിയ ഇൻറർനാഷണൽ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ഇരു ചാനലുകളും ഡിസംബർ 15 ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കും.

എന്നാൽ വാർണർ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ ‘കാർട്ടൂൺ നെറ്റ്‌വർക്കും’ ‘പോഗോ’യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും.

രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത്. ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാർണർ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാർഥ് ജയിൻ വ്യക്തമാക്കി.

കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായി വാർണർ മീഡിയയുടെ മുംബൈ, ദില്ലി, ബംഗളൂരു ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും.

വാർത്താ ചാനലായ സിഎൻഎൻ ഇൻറർനാഷണലിൻറെ ഓപ്പറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.