ഇല്ലിത്തോട് പാറമട സ്‌ഫോടനം : മൂന്ന് പേർ കൂടി അറസ്റ്റിൽ

മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമട സ്ഫോടനക്കേസിൽ മൂന്ന് പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40). നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ബെന്നിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.

ഇതോടെ രണ്ട് അതിഥിത്തൊഴിലാളികൾ മരണപ്പെട്ട പാറമട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ  എണ്ണം ഏഴായി. പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

പ്രത്യേക ടീം, സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പാറമടകളുടെ ലൈസൻസും മാഗസിനുകളും പരിശോധിക്കുന്നുണ്ടെന്ന് എസ്.പി. പറഞ്ഞു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂർ ഡി.വൈ. എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരും ഉണ്ടായിരുന്നു.