ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : രണ്ട് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ എറണാകുളം റൂറൽ ജില്ലയിലെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചു. ചെറായി പള്ളിപ്പുറം, പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് (25) അങ്കമാലി തുറവുർ പുല്ലാനി ചാലാക്കാ വീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു 29) എന്നിവരെയാണ് ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നൽകിയ
റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.

ബലാത്സംഗം, ജെ.ജെ ആക്ട്, പോക്സോ, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ആഷിക്. ഇയാളെ
കഴിഞ്ഞ വർഷവും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ജയിൽ മോചിതനായ ഇയാൾ പുതിയ ആക്രമത്തിന് തയ്യാറെടുക്കവെ
അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് വീണ്ടും കാപ്പ
ചുമത്തിയത്.  2017-ൽ ആഷിക്കിനെ ഒരു വർഷത്തേക്ക് കാപ്പ പ്രകാരം
നാടുകടത്തിയിരുന്നു.

കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, സ്ത്രീത്വത്തെ
അപമാനിക്കൽ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് വിഷ്ണു .
അങ്കമാലി, കാലടി, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ
വിഷ്ണുവിനെതിരെ കേസുകളുണ്ട്. 2019 ഏപ്രിലിൽ മൂക്കന്നൂരിൽ വച്ച്
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്. 2017-
ൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
നെടുമ്പാശേരിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം തട്ടിയെടുത്ത
കേസിലും, തുറവൂരിൽ വാഹനം തടഞ്ഞു നിർത്തി സ്വർണ്ണം കവർന്ന
കേസിലും പ്രതിയാണ് വിഷ്ണു.

തുടർച്ചയായി സമാധാന ലംഘനപ്രവർത്തനങ്ങൾ നടത്തിയും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ റൂറൽ ജില്ലയിൽ നടപടി
തുടരുകയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി
എസ്.പിയുടെ നേതൃത്യത്തിൽ കാപ്പ ചുമത്തി 12 പേരെ ഇതിനകം
ജയിലിലടച്ചു. 22 പേരെ നാടു കടത്തി. വരും ദിവസങ്ങളിലും നടപടി
തുടരുമെന്ന് എസ്.പി പറഞ്ഞു.