പള്ളി തർക്കം : നിയമനിർമാണം ആവർത്തിച്ച് യാക്കോബായ സഭ സമരപാതയിൽ

സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭാഗം സമരത്തിലായിരിക്കെ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായി മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

ഓർത്തഡോക്സ് വിഭാഗവുമായി യോജിപ്പ് എന്നത് അടഞ്ഞ അദ്ധ്യായമാണെന്നും സമാധാനപരമായി രണ്ട് സഹോദര സഭകളായി വർത്തിക്കുക എന്നുള്ളതാണ് ഇന്നിന്റെ ആവശ്യം എന്നുമാണ് യാക്കോബായ വിഭാഗം മാനേജിങ് കമ്മിറ്റിയുടെ നിശ്‌ചയം.

സമരപരിപാടികളുടെ ഭാഗമായി ഇന്ന് മുതൽ, മെത്രാൻ കക്ഷി വിഭാഗം കയ്യേറിയ 52 പള്ളികൾ ഉൾപ്പടെ യാക്കോബായ സഭയുടെ എല്ലാ ദൈവാലയങ്ങൾക്ക് മുന്നിലും പൊതുനിരത്തുകളിൽ അനിശ്ച്ചിതകാല റിലേ സത്യാഗ്രഹ സഹനസമരം ആരംഭിച്ചു. തുടർന്ന് ജില്ലാ ആസ്‌ഥാനങ്ങൾ കേന്ദ്രമാക്കി കളക്ട്രേറ്റുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും അഭിവന്ദ്യ മെത്രപ്പോലീത്താമാരുടെയും വൈദികർ ഉൾപ്പടെയുള്ളവരുടെയും നേതൃത്വത്തിൽ അനിശ്ച്ചിതകാല റിലേ സത്യാഗ്രഹ സഹനസമരം ആരംഭിയ്ക്കും. ഒപ്പം തന്നെ, സമരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മലബാറിൽ മീനങ്ങാടിയിൽ പുണ്യശ്ലോകനായ സാമുവൽ മോർ പീലിക്‌സിനോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിൽ നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് വരെ അവകാശ സംരക്ഷണ ജാഥ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ നാനാ-ജാതി മതസ്ഥർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി കട്ടച്ചിറയിലെ ഇടവക ജനങ്ങൾ പടുത്തുയർത്തിയ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശടി മെത്രാൻ കക്ഷികൾ താഴിട്ട് പൂട്ടി ആളുകൾക്ക് പ്രവേശിക്കുവാൻ പറ്റാത്ത വിധത്തിൽ ഇരുമ്പ് വേലി കൊണ്ട് മറച്ചു തടസ്സപ്പെടുത്തിയത് നീക്കം ചെയ്തു തരണമെന്ന് പോലീസ് അധികാരികളോട് ഇടവക ജനങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കട്ടച്ചിറയിൽ വിശ്വാസച്ചങ്ങല തീർത്തുകൊണ്ടാണ് ഇടവക ജനങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചത്.

സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സമരവേദികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.