കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം കേരള കൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി ഗോപാലന്

സാമൂഹ്യസമത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ ഉന്നതിക്കും വേണ്ടി  നിലകൊളളുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരന്റെ പേരിൽ ഈ വർഷം മുതൽ കേരളകൗമുദി യൂണിറ്റുകളിൽ ഏർപ്പെടുത്തിയ പത്രാധിപർ കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരത്തിന് എറണാകുളം യൂണിറ്റിലെ കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലനെ മാനേജ്‌മെന്റ് എഡിറ്റോറിയൽ ജൂറി തിരഞ്ഞെടുത്തു.

സംസ്ഥാനതലത്തിലും പ്രാദേശികമായും ബൈലൈനോടെ കൂടുതൽ സ്‌റ്റോറികൾ പ്രസിദ്ധീകരിച്ചത് ബാബുവിന്റെതാണെന്നതാണ് അവാർഡിന് പ്രധാനമായും പരിഗണിച്ചത്. ഇതൊടൊപ്പം കേരളകൗമുദി ലേഖകനെന്ന നിലയിലുള്ള മറ്റു പ്രവർത്തനങ്ങളും ഘടകമാണ്.

പത്രാധിപരുടെ ചരമവാർഷികദിനം നാളെയാണ്. നാളെ രാമവർമ്മ ക്‌ളബിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിൽ ബാബുവിന് പുരസ്‌കാരം നൽകി പൊന്നാട അണിയിച്ച് ആദരിക്കും. പുരസ്‌കാരദാന ചടങ്ങിലേക്കും പത്രാധിപർ അനുസ്മരണ ചടങ്ങിലേക്കും ഇതോടനുബന്ധിച്ച് നടക്കുന്ന പുരസ്‌കാര ചടങ്ങിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പതിനഞ്ച് വർഷം മുമ്പ് കേരളകൗമുദി ലേഖകനായിട്ടാണ് ബാബുവിന്റെ പത്രപ്രവർത്തന ജീവിതത്തിന് തുടക്കം.

1972 ജനുവരി 20 ന് പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിയിൽ പരേതനായ പി.പി ഗോപാലന്റെയും എൻ.ആർ രാധാമണിയുടെയും മകനായി ജനിച്ചു. 2004 ആഗസ്റ്റ് 15 ന് ഔദ്യോഗികമായി കേരള കൗമുദിയുടെ ഭാഗമായി. അന്ന് സംസ്ഥാനതലത്തിൽ പ്രദേശിക ബ്യൂറോകളെ കണ്ടെത്താൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കോലഞ്ചേരി ലേഖകനായി വരുന്നത്. പെരുമ്പാവൂർ ലേഖകനായ കെ. രവികുമാറാണ് പത്രപ്രവർത്തനത്തിലെ ഗുരു. തന്നെ കൗമുദിയിലേയ്ക്ക് കൈപിടിച്ചുയർത്തിയത് അദ്ദേഹമാണെന്ന് ബാബു പറയുന്നു.

ബി.എ മലയാളം ബിരുദധാരിയാണ് ബാബു. ഒപ്പം ഐ.ടി.ഐയിൽ  ഇൻസ്ട്രുമെന്റ് മെക്കാനിക്  പഠനവും പൂർത്തിയാക്കി.

ഭാര്യ മോൾസി കുമ്മനോട് സർക്കാർ യു.പി സ്‌കൂളിൽ താല്ക്കാലിക അദ്ധ്യാപികയായി ജോലി ചെയ്യുന്നു. മകൻ ആദിത് ബാബു ബി. കോം വിദ്യാർത്ഥിയാണ്. വാർത്താജാലകം അഡ്മിൻ കൂടിയാണ് ബാബു പി ഗോപാലൻ.