അതിജീവനത്തിനായി പൊരുതുന്ന യാക്കോബായ സഭയ്ക്ക് നീതി കിട്ടിയിട്ടില്ല; ജസ്റ്റിസ് ബി. കെമാൽ പാഷ

മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ യാക്കോബായ സഭയ്ക്ക് അർഹമായ നീതി കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പ്രസ്താവിച്ചു. നീതി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല നീതിതേടി എവിടെയും പോകാൻ പാടില്ലെന്ന വിചിത്ര വിധിയും ഇവിടെ സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ചു വരുന്ന അനിശ്ചിത കാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ മുപ്പത്തി മൂന്നാം ദിനത്തിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “1934 ഭരണഘടനയുടെ ഒറിജിനൽ സുപ്രീംകോടതിയിൽ ഇതുവരെയും വന്നിട്ടില്ല. അതിന്റെ ഒരു പകർപ്പ് സ്വകാര്യവ്യക്തി അച്ചടിച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. മഹാഭൂരിപക്ഷത്തിന്റെ പക്കൽ നിന്നും പള്ളി പിടിച്ചു വാങ്ങിയിട്ട് മറു വിഭാഗത്തിലെ ന്യൂനപക്ഷത്തിന് എന്ത് ചെയ്യാനാണ്? ഓർത്തഡോക്സ് വിഭാഗം ഈ കാര്യത്തിൽ വിശാലത കാണിക്കേണ്ടതാണ്, സഹോദര സ്നേഹം പ്രകടിപ്പിക്കേണ്ടത് ആണ്. ക്രൂരന്മാരായി മാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.” അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ദാസന്മാരായി കഴിയാൻ ആണോ ഇവർ ലക്ഷ്യം വയ്ക്കുന്നത്. മൃതദേഹം വെച്ച് വിലപേശുന്നത് ശരിയല്ലെന്ന് കണ്ട് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ തനിക്ക്സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം ഭരണകൂട ഭീകരതയാണ്. ഭരണകൂടം ഈ ഭീകരത നടപ്പിലാക്കി വരികയാണ് ഇപ്പോൾ. പൗരത്വ ഭേദഗതി ബിൽ അതിന് ഉദാഹരണമാണ് ഈ ബിൽ ഏറ്റവും പെട്ടെന്ന് പിൻവലിക്കണം. കഷ്ടതയും ദുരിതമനുഭവിക്കുന്നവരുടെ കൂടെ ദൈവം എക്കാലവും പ്രവർത്തിക്കും എന്നതിന്റെ തെളിവാണ് ചെറിയ പള്ളിയിൽ രൂപീകൃതമായ മതമൈത്രി സംരക്ഷണ സമിതി എന്ന് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവ അറിയിച്ചു. ജാതി ജാതിമതഭേദമില്ലാതെ സന്മനസ്സുള്ള സമൂഹം ഒരുമിച്ചുകൂടി പള്ളി സംരക്ഷണത്തിനായി മുന്നോട്ടുവന്നത് എല്ലാ നാളിലും സ്മരിക്കപ്പെടുന്ന താണ്. പള്ളിയിലെ വിശ്വാസം പോലെ തന്നെയാണ് പള്ളിയിൽ നിന്നുള്ള ജാതി മതഭേദമില്ലാത്ത പ്രവർത്തനങ്ങളുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

ചടങ്ങിൽ രണ്ടു ഹൈന്ദവ കുടുംബങ്ങൾക്ക് മാർതോമാ ചെറിയപള്ളി നിർമിച്ചുനൽകിയ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കപ്പെട്ടു. 

ശ്രേഷ്ഠ കാതോലിക്കാ ബാവായും, ജസ്റ്റിസ് കെമാൽ പഷായും ചേർന്ന് വാളറ ഉരുളിചാലിൽ മിനി കുട്ടപ്പൻ, കമ്പിളികണ്ടം കാളകൂടത്ത് വിഷ്ണു സായി എന്നിവർക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറി. കൺവീനർ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ. നൗഷാദ്, എ. റ്റി പൗലോസ് , പി. ടി. ജോണി, പി. എ. സോമൻ, ഭാനുമതി രാജു, അഡ്വ. സി. ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, ഫാ. എൽദോസ് കാക്കനാട്ട്, ഫാ.ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽ, എന്നിവർ പ്രസംഗിച്ചു.