ഈ കാഴ്ചകൾ അപ്രത്യക്ഷമായേക്കാം ….

ജനുവരി 1 മുതൽ നിലവിൽ വന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. പൊതുവിൽ കടകളിൽ നിന്ന് ഇപ്പോൾ പ്ലാസ്റ്റിക്‌ ബാഗുകളിൽ സാധാനങ്ങൾ നൽകുന്നില്ല. ഇറച്ചിയും മീനും വിൽക്കുന്ന  കടകളിൽ പോലും മറ്റ്‌ മാർഗ്ഗങ്ങൾ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. സ്വച്ഛമായ ഭൂപ്രകൃതിയുണ്ടായിരുന്ന കേരളം, പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറയപ്പെടാൻ  കാരണം,  ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകളുടെയും മറ്റ്‌ പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങളുടെയും ലക്കും ലഗാനുമില്ലാത്ത ഉപയോഗമായിരുന്നു.

വഴിയോരങ്ങളും നോട്ടമില്ലാതെ കിടക്കുന്ന പുരയിടങ്ങളും   പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടങ്ങളായി. കായലുകളും, കനാലുകളും, കുളങ്ങളും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്  ഉൽപ്പന്നങ്ങളാൽ നിറഞ്ഞു. പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന് ഇത് കാരണമായി.  വൃത്തിഹീനമായ ഒരു അന്തരീക്ഷം ഈ പ്ലാസ്റ്റിക് സഞ്ചികൾ എവിടെയും സൃഷ്ടിച്ചു. അതോടൊപ്പം അനിയന്ത്രിതമായ ഫ്ളക്സ് ഉപയോഗവും കാര്യങ്ങളെ ഗുരുതരമാക്കി. ഇവയ്ക്കെല്ലാമെതിരെ ഗവണ്മെന്റ് പല തവണ നടപടികൾ ആരംഭിച്ചെങ്കിലും  കാര്യമായ ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്, ഇലക്‌ഷൻ കമ്മീഷൻ ഫ്ലക്സ് പരസ്യങ്ങൾ നിരോധിച്ചത് വലിയ നന്മ ചെയ്തു.

ഈ സാഹചര്യത്തിലാണ് നിശ്‌ചയദാർഢ്യത്തോടെയുള്ള സർക്കാരിന്റെ ഇത്തവണത്തെ നീക്കം ഫലം കണ്ടുതുടങ്ങിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നിരോധനം  പാക്കേജ്ഡ് ഉൽപ്പന്നങ്ങളെ  ബാധിക്കുന്നില്ല എന്നത് പ്രശ്‌നം ഭീമമായ അളവിൽ തന്നെ അവശേഷിക്കുന്നു എന്നതാണ്. അതിന് കൂടി പരിഹാരം കണ്ടെത്തിയാൽ മാത്രമേ മോചനം പൂർണമാകുകയുള്ളൂ. ഇക്കാര്യത്തിൽ ഒട്ടും അയവില്ലാതെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. നിയമലംഘനം ആദ്യതവണയാണെങ്കിൽ പിഴ 10000 രൂപയാണെങ്കിൽ ആവർത്തിച്ചാൽ അത് 25000 രൂപ ആകും.