ഗൃഹപ്രവേശ ചടങ്ങിനിടെ നാല് വയസ്സുകാരി കിണറ്റിൽ വീണു. രക്ഷിക്കാൻ കിണറ്റിലേയ്ക്ക് ചാടിയ അച്ഛനും ബന്ധുക്കളായ മറ്റു രണ്ട് പേരും കിണറ്റിൽ കുടുങ്ങി. ഫയർഫോഴ്സെത്തി എല്ലാവരെയും രക്ഷിച്ചു. പിറവത്തിന് സമീപം പെരുവയിലാണ് സംഭവം നടന്നത്.
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി കിണറ്റില്‍ വീണത്. രക്ഷിക്കാന്‍ പിറകെ കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റില്‍ ചാടിയത്. പെരുവ സ്വദേശി രാഹുൽ പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ നാലുവയസുകാരി മകള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്തുയര്‍ത്തി കിണറ്റില്‍ അള്ളിപ്പിടിച്ച് കിടന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റില്‍ കുടുങ്ങി.
30 അടി താഴ്ചയുള്ള കിണറ്റില്‍ ഏഴ് അടിയോളം വെള്ളം ഉണ്ടായിരുന്നു. എല്ലാവരും കിണറ്റില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്നാണ് ഫയര്‍ ഓഫിസര്‍ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.