കിഴക്കമ്പലത്ത് കോൺഗ്രസിനെ കൂട്ടുപിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള ശ്രമം വിഫലം; പിടിച്ചു നിൽക്കാനാകാതെ ഒടുവിൽ രാജി

14 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയത്തെ കോൺഗ്രസിന്റെ സഹായത്തോടെ  തോൽപ്പിക്കാമെന്നുള്ള കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ഒടുവിൽ ഗത്യന്തരമില്ലാതെ രാജി സമർപ്പിക്കേണ്ടി വന്നിരിക്കുകയാണ് പ്രസിഡന്റ് കെ വി ജേക്കബിന്.

നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ട്വന്റി ട്വന്റി നേതൃത്വം പഞ്ചായത്ത് പ്രസിഡന്റിനെ നീക്കാൻ തീരുമാനിച്ചത്. തുടർന്ന് 14 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയായിരുന്നു. എന്നാൽ എതിർചേരിയിലെ വെറും അഞ്ചംഗങ്ങളുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന പ്രസിഡന്റ് രാജിവയ്ക്കാതായപ്പോൾ കുതിരക്കച്ചവടത്തിലൂടെ കൂടുതൽ അംഗങ്ങളെ അനുകൂലമാക്കാനുള്ള ശ്രമമാണെന്ന ആരോപണം ശ്കതമായി.

എന്നാൽ 14 ട്വന്റി ട്വന്റി അംഗങ്ങളും കൂറുമാറില്ലെന്ന ഉറച്ച നിലപാടെടുക്കുകയും പ്രസ്ഥാനത്തെ വഞ്ചിച്ച പ്രസിഡന്റിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തതോടെ ജേക്കബിന്റെയും കോൺഗ്രസ് അംഗങ്ങളുടെയും പ്രതീക്ഷ അസ്ഥാനത്തായി. തുടർന്ന് ഇന്ന് വൈകിട്ട് 4 മണിക്ക് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വയ്ക്കുകയായിരുന്നു.