കിഴക്കമ്പലം ചൂലെടുത്തു; കോൺഗ്രസുകാർ അടി കൊള്ളാതെ അറസ്റ്റ് വരിച്ച് രക്ഷപെട്ടു

കിഴക്കമ്പലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുളള ബസ് സ്റ്റാൻഡ് നീർമ്മാണം തടസ്സപ്പെടുത്താനെത്തിയ കോൺഗ്രസ് നേതാക്കൾ ജനങ്ങളുടെ മുന്നിലും നിയമത്തിനു മുന്നിലും അക്ഷരാർത്ഥത്തിൽ തന്നെ കീഴടങ്ങുന്ന കാഴ്ചയായിരുന്നു ഫെബ്രുവരി 12 ആം തീയതി കിഴക്കമ്പലത്ത് കാണാൻ കഴിഞ്ഞത്. നിർമ്മാണം തുടരാൻ അനുവദിക്കാതെ കോൺഗ്രസുകാരായ വിരലിലെണ്ണാവുന്ന കുറച്ചു പേർ നിർമ്മാണസ്ഥലത്ത് നിലയുറപ്പിച്ചപ്പോൾ ആയിരത്തോളം വരുന്ന ജനങ്ങൾ പ്രതിരോധവുമായി അവിടേക്ക് എത്തുകയായിരുന്നു.
കിഴക്കമ്പലത്തിന്റെ ‘കേജരിവാൾ’ ആയ സാബു എം ജേക്കബ് എന്ന രാഷ്ട്രീയക്കാരനല്ലാത്ത ഒരു നേതാവിന്റെ പിന്നിൽ അണിനിരക്കാൻ നിമിഷ നേരം കൊണ്ടാണ് ഇവർ ഓടിയെത്തിയത്.

നാടുമുടിക്കുന്ന രാഷ്ട്രീയ പൊയ്മുഖങ്ങളെ ഓടിക്കാൻ ചൂലുമായിട്ടെത്തിയ സ്ത്രീകളെ കണ്ട് ഞെട്ടിയ കോൺഗ്രസുകാരെ ഒരർത്ഥത്തിൽ വിരട്ടിയോടിക്കുന്ന കാഴ്ച തന്നെയാണ് പിന്നീട് കിഴക്കമ്പലത്ത് അരങ്ങേറിയത്.

കോൺഗ്രസ് നേതാക്കളായ ഏലിയാസ് കാരിപ്ര, എം പി രാജൻ പഞ്ചായത്ത് മെമ്പർ അനുപ് പി എച്ച് എന്നിവരുടെ നേതൃത്വത്തിൽ അൻപത് പേരോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ (വാടകയ്ക്കെടുത്ത മറ്റു പഞ്ചായത്തുകളിലെ കോൺഗ്രസുകാർ കൂടി ചേരുമ്പോഴും 50 എന്ന സംഖ്യ തികയുമോയെന്ന് സംശയമാണ്) ബസ് സ്റ്റാൻഡ് നിർമ്മാണം അനധികൃതമാണെന്നാരോപിച്ച് തടസവാദങ്ങൾ ഉന്നയിച്ചപ്പോൾ കൃത്യമായ രേഖകൾ സഹിതം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജിയും മെമ്പർമാരും രംഗത്തെത്തി. ഇരു കൂട്ടരും ഹാജരാക്കിയ രേഖകൾ പരിശോധിച്ച കുന്നത്ത് നാട് സിഐ, ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായി. നിർമ്മാണം തുടരാൻ പഞ്ചായത്തിന് പ്രൊട്ടക്ഷൻ കൊടുക്കാൻ കളക്ടറേറ്റിൽ നിന്നും നിർദേശം വന്നു.

തുടർന്ന് അവരെ അറസ്റ്റ് ചെയ്ത് മാറ്റി നിർമ്മാണം തുടരാൻ പോലീസ് സൗകര്യമൊരുക്കി. ഇതോടെ വികസനത്തിന് കാവലാളാകുവാൻ കിഴക്കമ്പലത്ത് ഒഴുകിയെത്തിയ ട്വൻറി ട്വൻറി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനവും നടന്നു.

രാവിലെ മുതൽ വൈകിട്ട് വരെ അദ്ധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളെ ഒരു തൊഴിലും ചെയ്യാതെ സംഭാവനകൾ വാങ്ങി മാത്രം ജീവിക്കുന്ന രാഷ്ട്രീയക്കാർ ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അവരുടെ അന്നം മുട്ടിക്കുകയാണ് ചെയ്യുന്നതെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് പറയുന്നു. ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായ ജനങ്ങളോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ട്വൻറി ട്വന്റി യെ നെഞ്ചിലേറ്റിയ കിഴക്കമ്പലത്തെ ജനങ്ങൾ ഒരറിയിപ്പും കൂടാതെ കേട്ടറിഞ്ഞ് മാത്രം ഈ പ്രതിരോധ ദൗത്യത്തിന് എത്തിചേർന്നപ്പോൾ അവരുടെ കൂട്ടത്തിൽ 80 വയസിന് മുകളിലുള്ള വൃദ്ധജനങ്ങൾ പോലും ഉണ്ടായിരുന്നു.
പ്രായാധിക്യം മറന്ന് ഈ വൃദ്ധരായ മനുഷ്യർ പോലും ഈ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം, കിഴക്കമ്പലത്തിന്റെ മണ്ണിൽ നിന്നും ട്വൻറി ട്വന്റി യെ പറിച്ചെടുക്കാൻ കോൺഗ്രസിന്റെ ഹൈക്കമാന്റ് നേരിട്ടിറങ്ങിയാൽ പോലും കഴിയില്ല. പിന്നെയെന്തിന് ഈ അധര വ്യായാമം ചെയ്ത് ഇവിടുത്തെ നേതാക്കൾ വെറുതെ സമയം കളയണം (ഒരു പക്ഷേ, വേറെ ജോലി യില്ലാത്തതു കൊണ്ട് സമയം ധാരാളം ഉണ്ടാകാം).

തൊഴിലെടുത്ത് ജീവിച്ച കേജ്രിവാൾ എന്ന മനുഷ്യൻ ഒരു രാഷ്ട്രീയക്കാരനല്ലായിരുന്നു. ആ മനുഷ്യൻ ഡൽഹിയെന്ന സംസ്ഥാനത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായെങ്കിൽ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാരേ, നിങ്ങൾ ഒന്ന് മനസിലാക്കിക്കോളൂ, രാഷ്ട്രീയക്കാരനല്ലാത്ത വ്യവസായിയായ സാബു എം ജേക്കബ് എന്ന മനുഷ്യൻ ഇവരുടെ പ്രിയപ്പെട്ട നേതാവ് തന്നെയാണ്. ഇവരുടെ സനേഹത്തിന് പകരം അദ്ദേഹം തിരിച്ച് കൊടുക്കുന്നത് വെറും മോഹന സുന്ദര വാഗ്ദാനങ്ങളല്ല, എണ്ണിയെണ്ണി പറയാവുന്ന വികസനങ്ങളും പട്ടിണിയില്ലാത്ത ജീവിതവും, മെച്ചപ്പെട്ട സൗകര്യങ്ങളോടെ അന്തസായി ജീവിക്കാനുള്ള അവസരവുമാണ്.

അതിന് പകരം വെയ്ക്കാൻ എന്താണ് നിങ്ങൾക്ക് ഈ ജന്മത്തിൽ സാധിക്കുക??