കൊച്ചിയിലെ പാരഗണ്‍ കമ്പനി ഇനി പ്രവര്‍ത്തിപ്പിക്കണ്ടെന്ന് അഗ്നിശമന വിഭാഗം

കൊച്ചിയിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിന് ഇനി പ്രവർത്തനാനുമതി നൽകരുതെന്ന് അഗ്നിശമന വിഭാഗം. കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി. കെട്ടിടം നിലവിലെ രൂപത്തിൽ നിലനിർത്താനാവില്ലെന്നും അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ട്.

ഇന്നലെ കൊച്ചി നഗരത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ അഗ്നിബാധയ്ക്ക് പിന്നാലെയാണ് അഗ്നിശമന സുരക്ഷാ നിയമം പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള പ്രാഥമിക റിപ്പോർട്ട്. പാരഗൺ കമ്പനിയുടെ ഗോഡൗണാണ് ഇന്നലെ കത്തിയമർന്നത്. 6 നിലകളുള്ള വമ്പൻ ഗോഡൗണിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള കാര്യമായ ക്രമീകരണങ്ങളില്ല. ലൈസൻ്‌സ് നേടാൻ ആദ്യഘട്ടത്തിൽ സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ല. ആശാസ്ത്രീയമായാണ് വസ്തുക്കൾ സംഭരിച്ചതെന്നും അഗ്നിശമന വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് പറയുന്നു.

കെട്ടിടത്തിന്റെ നിർമാണ രീതി അശാസ്ത്രീയമാണ്. വെന്റിലേഷൻ പരിമിതമായിരുന്നു. കെട്ടിടം ഇതേ രൂപത്തിൽ നിലനിർത്തുന്നത് സുരക്ഷാ ഭീഷണിയാണന്നും റിപ്പോർട്ട് പറയുന്നു

സമാനമായി കൊച്ചി നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ സുരക്ഷാ അപര്യാപ്തത സംബന്ധിച്ച് അഗ്നിശമന സേനയുടെ മേഖലാ ഓഫീസ് ജില്ലാ ഭരണകൂടത്തിന് ഭരണകൂടത്തിന് കൈമാറിയ റിപ്പോർട്ടുകൾ അവഗണിക്കപ്പെട്ടതായും ആക്ഷേപമുണ്ട്.