പണമെന്നു കരുതി മോഷ്ടിച്ചത് ആധാരം; പിന്നെ ആധാരം വച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഒടുവിൽ പോലീസിന്റെ കെണിയിൽ വീണു മോഷ്ടാക്കൾ

തോട്ടുവായിൽ വീട് കുത്തിത്തുറന്ന് ആധാരങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ വെള്ളിയാഴ്ച കോടനാട് പൊലീസ് അറസ്റ്റ് ചെയ്‌തു. തോട്ടുവ സ്വദേശികളായ പാറയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന ജൈയ്‌ജോ  (36 ),പനയേലിക്കുടി വീട്ടിൽ നോബിൻ (29 ) എന്നിവരാണ് പിടിയിലായത്.

തോട്ടുവയിൽ നെടുംങ്കണ്ടത്തിൽ വീട്ടിൽ ജോയ് ജോസഫിന്റെ  വീട്ടിലാണ്  കഴിഞ്ഞ ഡിസംബർ  12 നു  മോഷണം നടന്നത്. രാത്രി വീട്ടുകാർ സ്‌ഥലത്തില്ലാതിരുന്ന സമയത്ത് പ്രതികൾ, അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്.   മുകളിലത്തെ നിലയിലെ അലമാരയിൽ നിന്ന് ലഭിച്ച ഒരു ബാഗിൽ പണമുണ്ടെന്നു കരുതി പ്രതികൾ  എടുത്തുകൊണ്ടുപോയി. എന്നാൽ അവയിൽ ആധാരങ്ങളും  മറ്റു രേഖകളുമാണ് ഉണ്ടായിരുന്നത്.

ജോയി ജോസഫിന്റെ പരാതിയെത്തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച്  സൂചനകളൊന്നും ലഭിച്ചില്ല. അങ്ങിനെയിരിക്കെ, ഈ  ബുധനാഴ്ച, പ്രതികൾ  ജോയി ജോസഫിനെ ഫോണിൽ വിളിച്ച്  ആധാരങ്ങൾ തിരികെ നൽകണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ജോയി  ജോസഫ് 3  ലക്ഷം നൽകാമെന്ന് പറഞ്ഞപ്പോൾ പ്രതികൾ സമ്മതിക്കുകയും മലയാറ്റൂരിൽ വച്ച് പണം കൈമാറാം എന്ന ധാരണയിലെത്തുകയും ചെയ്തു. ഈ വിവരം പൊലീസിൽ അറിയിച്ചാൽ, മകനെ തട്ടിക്കൊണ്ടു പോകുമെന്ന് ജോയി ജോസഫിനെ താക്കീത് ചെയ്യുകയും ചെയ്തു. നിശ്ചിത സ്‌ഥലത്തേക്ക് എളമ്പകപ്പിള്ളി  സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറെ പ്രതികൾ അയച്ചു. അവിടെ വച്ച് പൊലീസ് ഓട്ടോ ഡ്രൈവറെ പിടികൂടി. പൊലീസ്, ഓട്ടോഡ്രൈവറെക്കൊണ്ട് പ്രതികളെ മറ്റൊരു സ്‌ഥലത്തേക്ക്‌ വിളിപ്പിച്ചുവരുത്തുകയും അവിടെ വച്ച് അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. പ്രതി ജെയ്‌ജോയുടെ ബൈക്കിൽ നിന്ന് മോഷ്ടിക്കപ്പെട്ട ആധാരങ്ങൾ കണ്ടെത്തുകയും ചെയ്‌തു.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ  നിർദ്ദേശങ്ങളനുസരിച്ച്, പെരുമ്പാവൂർ ഡി വൈ എസ് പി  കെ ബിജുമോന്റെ മേൽനോട്ടത്തിൽ, കോടനാട് സർക്കിൾ ഇൻസ്‌പെക്ടർ സജി മർക്കോസിന്റെ നേതൃത്വത്തിൽ സ്‌ക്വഡ് രൂപീകരിച്ചാണ്  അന്വേഷണം നടന്നത്. കോടനാട് സബ് ഇൻസ്‌പെക്ടർ  സാലി ഓ എം, എ എസ് ഐ  ലാൽജി , സി പി ഒ മാരായ നജാഷ്, സാബു, എ എസ് ഐ  രാജേന്ദ്രൻ  എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.