കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു

ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ” വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു; ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി – ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക – സാമൂഹിക സംഘടനകളടങ്ങുന്ന ഈ സമതി തീരുമാനിച്ചു.

നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും, സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭി.ജോർജ്ജ് മoത്തിക്കണ്ടത്തിൽ തിരുമേനി ഉദ്ഘാടനം ചെയ്യും.

നവംബർ 2, 3, 4, തീയതികളിൽ മതമൈത്രി -ദേശ സംരക്ഷണ രഥയാത്ര നടത്തുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും തയ്യാറാക്കുന്നുണ്ട്.

കോതമംഗലം ദേശത്തിന്റെ കെടാവിളക്ക് അണയാതിരിക്കാൻ “മതമൈത്രി -ദേശ സംരക്ഷണ രഥയാത്ര” 2019 നവംബർ 2, 3, 4 തീയതികളിൽ.
കോതമംഗലം പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് നിദാനമായ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഖബറിടം നിലകൊള്ളുന്ന മാർ തോമ ചെറിയ പള്ളി അടച്ചുപൂട്ടിയ്ക്കുന്നതിന് ഒരു വ്യക്തിയുടെ ഗൂഢനീക്കത്തിന് എതിരെ മതമൈത്രി ദേശ സംരക്ഷണയാത്ര സംഘടിപ്പിക്കുകയാണ്.മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് 2019 നവംബർ 2, 3 തീയതികളിൽ രഥയാത്രയും 4 ന് സമാപനവും സംഘടിപ്പിക്കുന്നത്.ഈ ദിവസങ്ങളിൽ പരിശുദ്ധ ബാവായുടെ ഖബറിടത്തിൽ ചിത്രം അലങ്കരിച്ച രഥം നിരവധി വാഹനങ്ങളുടേയും വിശ്വാസികളുടേയും അകമ്പടിയോടുകൂടി കോതമംഗലം താലൂക്കിലേയും കുന്നത്ത്നാട് താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരും.

ആദ്യ ദിവസം വൈകിട്ട് 3ന് നേര്യമംഗലം പട്ടണത്തിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര തലക്കോട് ഊന്നുകൽ, നെല്ലിമറ്റം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം കിഴക്കേ കുത്തുകുഴി വഴി പോത്താനിക്കാട് എത്തിച്ചേരും. തുടർന്ന് വാരപ്പെട്ടി വഴി മുളവൂർ കവലയിൽ എത്തിച്ചേരുകയും കാരക്കുന്നം പള്ളിത്താഴത്ത് സമാപിക്കുകയും ചെയ്യും.

രണ്ടാം ദിവസം കുറുപ്പംപടിയിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര ഓടക്കാലി -വേങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ എത്തുകയും ചെങ്കര, പുന്നേക്കാട് എന്നിവടങ്ങളിലൂടെ കീരംപാറ വഴി ചേലാട് ഇരപ്പുങ്കൽ കവലയിൽ സമാപിക്കും.

നവംബർ 4ന് ടൗൺ ചുറ്റി സഞ്ചരിച്ച് വൈകിട്ട് നാലരയ്ക്ക് ചെറിയപള്ളിത്താഴത്ത് സമാപന സമ്മേളനത്തോടെ മതമൈത്രി – ദേശ സംരക്ഷണയാത്രയ്ക്ക് വിരാമം കുറിയ്ക്കും. സമാപന സമ്മേളനത്തിൽ വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കും.